അയല്‍വാസിയുമായുള്ള തര്‍ക്കത്തിനൊടുവില്‍ ഫ്ലാറ്റിന് തീയിട്ടു; യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published May 7, 2021, 9:58 AM IST
Highlights

വീട്ടിലേക്ക് കല്ലെറിയുന്നുവെന്നും കരിമരുന്ന് ഉപയോഗിച്ച് ബാല്‍ക്കണിയില്‍ തീയിട്ടുവെന്നും വീടിന്റെ വാതില്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘം ഉരുകിയ വസ്‍ത്രങ്ങളും കല്ലുകളും ചാരവും ബാല്‍ക്കണിയില്‍ കണ്ടെത്തുകയും ചെയ്‍തു.

അജ്‍മാന്‍: അയല്‍വാസിയുടെ അപ്പാര്‍ട്ട്മെന്റിന് തീയിട്ട യുവാവിന് അജ്‍മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 34കാരനായ പ്രതിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. അയല്‍വാസിയായ അറബ് യുവതിയുമായുള്ള തര്‍ക്കത്തിനിടെ അവരുടെ അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ തകര്‍ക്കുകയും അവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്‍തതിനാണ് ശിക്ഷ വിധിച്ചത്.

അജ്‍മാനിലെ മദീന കോംപ്രഹന്‍സീവ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. തന്റെ വീട്ടിലേക്ക് കല്ലെറിയുന്നുവെന്നും കരിമരുന്ന് ഉപയോഗിച്ച് ബാല്‍ക്കണിയില്‍ തീയിട്ടുവെന്നും വീടിന്റെ വാതില്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘം ഉരുകിയ വസ്‍ത്രങ്ങളും കല്ലുകളും ചാരവും ബാല്‍ക്കണിയില്‍ കണ്ടെത്തുകയും ചെയ്‍തു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പെട്രോള്‍ കാനുകള്‍, സ്‍ക്രൂ ഡ്രൈവര്‍, പഞ്ഞി, ഡ്രില്ലിങ് മെഷീനുകള്‍ തുടങ്ങിയവ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്‍തു. തന്നെ നിരന്തരം ശല്യം ചെയ്‍തതിന്റെ പ്രതികാരമായാണ് താന്‍ അയല്‍വാസിയുടെ വീടിന് തീയിട്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. താന്‍ ഒന്‍പത് തവണ പരാതി നല്‍കിയിട്ടും പൊലീസ് അത് പരിഗണിച്ചില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്നും ഇയാള്‍ വാദിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!