പണം നല്‍കാനുണ്ടെന്ന വ്യാജേന മരിച്ചയാളുടെ മകന് വാട്‌സാപ്പ് സന്ദേശം; തട്ടിപ്പുകാരന് തടവുശിക്ഷ

By Web TeamFirst Published Aug 14, 2021, 2:33 PM IST
Highlights

മരണ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്താനാണ് പ്രതി ശ്രമിച്ചത്. ഈ നമ്പറില്‍ ബന്ധപ്പെട്ട പ്രതി, താനൊരു വ്യാപാരിയാണെന്നും മരിച്ചയാള്‍ സാധനങ്ങള്‍ വാങ്ങിയ വകയില്‍ പണം നല്‍കാനുണ്ടെന്നും ചൂണ്ടിക്കാട്ടി ഇയാളുടെ മകന് വാട്‌സാപ്പ് സന്ദേശം അയയ്ക്കുകയായിരുന്നു.

ദുബൈ: അബുദാബിയില്‍ പണം നല്‍കാനുണ്ടെന്ന വ്യാജേന മരണപ്പെട്ടയാളുടെ മകന് വാട്‌സാപ്പ് സന്ദേശം അയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാള്‍ക്ക് അബുദാബി കോടതി തടവുശിക്ഷ വിധിച്ചു. രണ്ട് മാസത്തെ തടവുശിക്ഷയ്ക്ക് പുറമെ ഇയാളുടെ വാട്‌സാപ്പ് അക്കൗണ്ട് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.  

മരണ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്താനാണ് പ്രതി ശ്രമിച്ചത്. ഈ നമ്പറില്‍ ബന്ധപ്പെട്ട പ്രതി, താനൊരു വ്യാപാരിയാണെന്നും മരിച്ചയാള്‍ സാധനങ്ങള്‍ വാങ്ങിയ വകയില്‍ പണം നല്‍കാനുണ്ടെന്നും ചൂണ്ടിക്കാട്ടി ഇയാളുടെ മകന് വാട്‌സാപ്പ് സന്ദേശം അയയ്ക്കുകയായിരുന്നു. സാധനങ്ങള്‍ വാങ്ങിയതിന്റെ പണമായി 900 ദിര്‍ഹം ബാങ്ക് അക്കൗണ്ട് വഴി കൈമാറണമെന്നും ഇയാള്‍ സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന് സന്ദേശം ലഭിച്ച മരണപ്പെട്ടയാളുടെ മകന്‍ പ്രതിയോട് വാണിജ്യ ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും കൈമാറാനും തന്നെ ഫോണ്‍ വിളിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ഇതിന് തയ്യാറായില്ല.

തുടര്‍ന്ന് സംശയം തോന്നിയ യുവാവ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അബുദാബി ജുഡീഷ്യല്‍ വിഭാഗത്തിലെ ഫോറന്‍സിക് ആന്‍ഡ് ഡിജിറ്റല്‍ സയന്‍സസ് സംഘത്തിന്റെ അന്വേഷണത്തില്‍ ഇത് തട്ടിപ്പാണെന്ന് തെളിഞ്ഞു. ഇതോടെ പ്രതിയെ പിടികൂടി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. പ്രതിയെ രണ്ടുമാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ച കോടതി ഇയാളുടെ ഫോണിലെ എല്ലാ ഡാറ്റകളും ഡിലീറ്റ് ചെയ്യാനും വാട്‌സാപ്പ് അക്കൗണ്ട് സ്ഥിരമായി റദ്ദാക്കാനും ഉത്തരവിടുകയായിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!