ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവാസിക്ക് ദുബായില്‍ ശിക്ഷ വിധിച്ചു

By Web TeamFirst Published Nov 1, 2018, 5:06 PM IST
Highlights

കഴിഞ്ഞ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദമ്പതികളുടെ സുഹൃത്തിനെയാണ് പ്രധാന സാക്ഷിയായി കോടതി വിസ്തരിച്ചത്. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതിയും പുതിയ ജോലിയ്ക്കായി അഭിമുഖം കഴിഞ്ഞുനില്‍ക്കുകയായിരുന്ന ഭാര്യയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നാണ് കോടതിയില്‍ സാക്ഷി അറിയിച്ചത്. 

ദുബായ്: വീടിനുള്ളില്‍ വെച്ച് ഭാര്യയെ ക്രൂരമായി കുത്തിക്കൊന്ന ശേഷം സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 27 വയസുള്ള കാമറൂണ്‍ പൗരന് 10 വര്‍ഷം തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ശിക്ഷ. ആത്മഹത്യാ ശ്രമം നടത്തിയതിന് ഇതിനുപുറമെ മൂന്ന് മാസം അധിക ശിക്ഷയും അനുഭവിക്കണം. 

കഴിഞ്ഞ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദമ്പതികളുടെ സുഹൃത്തിനെയാണ് പ്രധാന സാക്ഷിയായി കോടതി വിസ്തരിച്ചത്. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതിയും പുതിയ ജോലിയ്ക്കായി അഭിമുഖം കഴിഞ്ഞുനില്‍ക്കുകയായിരുന്ന ഭാര്യയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നാണ് കോടതിയില്‍ സാക്ഷി അറിയിച്ചത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നത് പോലും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും സുഹൃത്ത് പറഞ്ഞു. രണ്ട് പേരും മുറിയിലേക്ക് വരുമ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുറത്തേക്ക് പോയ താന്‍ 45 മിനിറ്റുകള്‍ക്ക് ശേഷം മടങ്ങിവരുമ്പോള്‍ വീടിന്റെ വാതിലിന് മുന്നില്‍ നിരവധിപ്പേര്‍ കൂടി നില്‍ക്കുന്നതാണ് കണ്ടത്. വാതിലില്‍ മുട്ടിവിളിയ്ക്കുകയും ഫോണില്‍ വിളിച്ചുനോക്കുകയും ചെയ്തെങ്കിലും പ്രതികരിച്ചില്ല. ഇതോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കയറുകയായിരുന്നു.

മുറിവേറ്റ് അവശനിലയിലായ യുവാവ് മുറിയില്‍ നില്‍ക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് ഭാര്യയുടെ മൃതദേഹം നിലത്ത് കിടന്നിരുന്നത്. ഇവരുടെ വയറ്റിലാണ് ആഴത്തിലുള്ള മുറിവേറ്റത്. ഭര്‍ത്താവിന്റെ ശരീരത്തില്‍ ആറോളം മുറിവുകള്‍ ഉണ്ടായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും സമീപത്തു നിന്ന് കണ്ടെത്തി. ഇയാളുടെ ശരീരത്തിൽ ആറിലധികം മുറിവുകൾ ഉണ്ടെന്നാണ് ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. യുവതി രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും മാരകമായി കുത്തി മുറിവേൽപ്പിച്ചു. സംഭവത്തില്‍ മറ്റാരുടേയും ഇടപെടല്‍ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. എന്തിനാണ് കൃത്യം നടത്തിയതെന്ന് വിചാരണയ്ക്കിടെ ഒരുഘട്ടത്തിലും ഇയാള്‍ വെളിപ്പെടുത്തിയില്ല. വിധിക്കെതിരെ ഇയാള്‍ക്ക് അപ്പീല്‍ നല്‍കാനാവും.

click me!