
മക്ക: സൗദിയിലെ മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന് താഴേക്ക് ചാടി യുവാവ്. ആത്മഹത്യാ ശ്രമമാണെന്ന് സംശയിക്കുന്ന സംഭവത്തില്‍ താഴേക്ക് ചാടിയയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. താഴേക്ക് ചാടിയയാളുടെ ജീവൻ രക്ഷിക്കാൻ കാണിച്ച ധീരതയിലൂടെ സൗദിയുടെ ഹീറോയായി സുരക്ഷാ ജീവനക്കാരൻ റയാൻ അൽ അഹമ്ദ് മാറി. താഴേക്ക് വീണയാളെ ഓടിയെത്തി പിടിച്ചപ്പോഴാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. സൗദി ആഭ്യന്തര മന്ത്രിയുൾപ്പടെ റയാൻ അൽ അഹ്മദിന്‍റെ ധീരതയെ വാഴ്ത്തി.
സൗദി മക്ക ഗ്രാൻഡ് മോസ്ക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുകളിൽ നിന്ന് ചാടിയയാൾ താഴെ പതിക്കും മുൻപ് ഓടിയെത്തി പിടിക്കാൻ ശ്രമിക്കുകയായിരുന്നു സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന റയാൻ അൽ അഹ്മദ്. ഉയരത്തിൽ നിന്നു വീണയാൾ ദേഹത്ത് പതിച്ച് റയാൻ അൽ അഹമദിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. ചികിത്സയിലുള്ള ഇദ്ദേഹത്തെ സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ഫോണിൽ വിളിച്ചു. കേവലം ഡ്യൂട്ടിക്കപ്പുറം ജീവൻ തന്നെ നൽകാൻ തയാറായ ത്യാഗ സന്നദ്ധതയെയും ധീരതയെയും വാഴ്ത്തി. ലോകത്താകെയുള്ള സുരക്ഷാ ജീവനക്കാരുടെ അഭിമാനമുയർത്തുന്നതാണ് മക്ക ഗ്രാൻഡ് മോസ്ക്കിൽ റയാൻ അൽ അഹ്മദ് കാഴ്ച്ച വെച്ച ധീരത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam