യുഎഇയില്‍ അനധികൃത മദ്യ വില്‍പന സംഘങ്ങളുടെ തമ്മിലടിയില്‍ യുവാവ് മരിച്ചു; പ്രതികള്‍ക്ക് ശിക്ഷ

By Web TeamFirst Published Sep 14, 2022, 5:33 PM IST
Highlights

സംഘര്‍ഷമുണ്ടായ പ്രദേശത്തിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരാളാണ് കേസില്‍ പ്രധാന സാക്ഷിയായി കോടതിയില്‍ മൊഴി കൊടുത്തത്. തര്‍ക്കത്തിനിടെ ഒരാള്‍ അടിയേറ്റ് നിലത്തുവീഴുന്നത് കണ്ടുവെന്നും താനാണ് പൊലീസിനെ വിവരമറിയിച്ചതെന്നും ഇയാള്‍ പറഞ്ഞു. 

ദുബൈ: അനധികൃത മദ്യവില്‍പന സംഘങ്ങളുടെ ഏറ്റമുട്ടലിനിടെ യുവാവ് മരിച്ചു.  കത്തികളും കമ്പുകളും കൊണ്ടുള്ള മര്‍ദനമാണ് സംഘത്തിലൊരാളുടെ മരണത്തില്‍ കലാശിച്ചത്. പൊലീസ് അറസ്റ്റ് ചെയ്‍ത പ്രതികളില്‍ ആറ് പേര്‍ക്ക് 10 വര്‍ഷം തടവും ഒരാള്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

ചില പ്രദേശങ്ങളില്‍ 'മദ്യ വില്‍പന നടത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലിയാണ്' തര്‍ക്കമുണ്ടായതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 'തങ്ങളുടെ പ്രദേശങ്ങളില്‍' മറ്റ് ചിലര്‍ മദ്യം വിറ്റതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പ്രതികളിലൊരാള്‍ മൊഴി നല്‍കി. ഇവരെ ചോദ്യം ചെയ്‍തതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പരിക്കേല്‍പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

സംഘര്‍ഷമുണ്ടായ പ്രദേശത്തിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരാളാണ് കേസില്‍ പ്രധാന സാക്ഷിയായി കോടതിയില്‍ മൊഴി കൊടുത്തത്. തര്‍ക്കത്തിനിടെ ഒരാള്‍ അടിയേറ്റ് നിലത്തുവീഴുന്നത് കണ്ടുവെന്നും താനാണ് പൊലീസിനെ വിവരമറിയിച്ചതെന്നും ഇയാള്‍ പറഞ്ഞു. നിലത്തു വീണയാളുടെ തലയില്‍ നിന്നും മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തു. അനധികൃതമായി മദ്യ വില്‍പന നടത്തിയെന്നും ഇതേച്ചൊല്ലി സംഘര്‍ഷമുണ്ടായെന്നും പ്രതികള്‍ മൊഴി നല്‍കി. പരിക്കുകളും മുറിവുകളും കാരണമായുണ്ടായ ഹൃദയാഘാതമാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമായി. ശിക്ഷ അനുഭവിച്ച ശേഷം എല്ലാ പ്രതികളെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്. 

Read also: ആടുമേയ്ക്കാന്‍ വിസ്സമ്മതിച്ചു, കുവൈത്തില്‍ ഇന്ത്യക്കാരനെ തൊഴിലുടമ വെടിവെച്ച് കൊന്നു

click me!