ശമ്പളം വര്‍ദ്ധിപ്പിക്കാത്തതിന് തൊഴിലുടമയെ കഴുത്തറുത്ത് കൊന്നു; യുഎഇയില്‍ യുവാവിന് വധശിക്ഷ

By Web TeamFirst Published Nov 29, 2018, 10:26 PM IST
Highlights

മറ്റൊരു പാകിസ്ഥാന്‍ പൗരന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രതിക്ക് 1000 ദിര്‍ഹമായിരുന്നു ശമ്പളം നല്‍കിയിരുന്നത്. ഇത് 1500 ആക്കി വര്‍ദ്ധിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കാന്‍ തൊഴിലുടമ തയ്യാറായില്ല. ഇതോടെ ഇയാളെ കൊല്ലാന്‍ പ്രതി തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ഒരു കടയില്‍ പോയി മാംസം മുറിക്കുന്ന കത്തി വാങ്ങി. തുടര്‍ന്ന് തനിക്ക് ഒന്ന് കാണണമെന്ന് ആവശ്യപ്പെട്ട് തൊഴിലുടമയെ ഫോണ്‍ ചെയ്തു.

അബുദാബി: വാഗ്ദാനം ചെയ്ത ശമ്പള വര്‍ദ്ധനവ് നല്‍കാന്‍ വിസമ്മതിച്ച തൊഴിലുടമയെ കഴുത്തറുത്ത് കൊന്ന കേസില്‍ യുവാവിന് വധശിക്ഷ. പ്രതിയായ പാകിസ്ഥാന്‍ പൗരനാണ് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. ശമ്പളത്തില്‍ 500 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് തൊഴിലുടമ ഇയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

മറ്റൊരു പാകിസ്ഥാന്‍ പൗരന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രതിക്ക് 1000 ദിര്‍ഹമായിരുന്നു ശമ്പളം നല്‍കിയിരുന്നത്. ഇത് 1500 ആക്കി വര്‍ദ്ധിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കാന്‍ തൊഴിലുടമ തയ്യാറായില്ല. ഇതോടെ ഇയാളെ കൊല്ലാന്‍ പ്രതി തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ഒരു കടയില്‍ പോയി മാംസം മുറിക്കുന്ന കത്തി വാങ്ങി. തുടര്‍ന്ന് തനിക്ക് ഒന്ന് കാണണമെന്ന് ആവശ്യപ്പെട്ട് തൊഴിലുടമയെ ഫോണ്‍ ചെയ്തു. വളരെ ദൂരെയുള്ള ഒരു സ്ഥലത്തുള്ള ഒരാളില്‍ നിന്ന് ചില സാധനങ്ങള്‍ വാങ്ങാനുണ്ടെന്നും എന്നാല്‍ തനിച്ച് പോകാന്‍ അറിയില്ലെന്നും പറഞ്ഞു.

ഇരുവരും ചേര്‍ന്ന് തൊഴിലുടമയുടെ കാറില്‍ പ്രതി പറഞ്ഞ സ്ഥലത്തേക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടെ വിജനമായ പ്രദേശത്ത് എത്തിയപ്പോള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തി പുറത്തെടുത്തു. മാംസം മുറിക്കുന്ന മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കാറിനുള്ളില്‍വെച്ചുതന്നെ കഴുത്തറുത്തുകൊന്നു. മരണം ഉറപ്പാക്കിയശേഷം ഇയാള്‍ കാര്‍ റോഡിന്റെ ഒരു വശത്ത് പാര്‍ക്ക് ചെയ്തശേഷം ഇറങ്ങിപ്പോയി. പോകുന്നതിന് മുന്‍പ് മൃതദേഹത്തില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും ലാപ്‍ടോപും കൈക്കലാക്കുകയും ചെയ്തു. പിറ്റേദിവസം ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവത്തില്‍ ഇയാള്‍ ജോലിക്ക് പോവുകയും ചെയ്തു. 

കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ മുനിസിപ്പാലിറ്റി തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതിയെ കണ്ടെത്തി. കത്തി വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ താന്‍ സ്വയരക്ഷയ്ക്കായാണ് കത്തി വാങ്ങിയതെന്ന് പ്രതി വാദിച്ചുവെങ്കിലും പിന്നീട് താന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. എന്നാല്‍ ശമ്പള വര്‍ദ്ധനവ് നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചുവെന്നും സ്വയരക്ഷക്കായാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു കോടതിയിലെ വാദം.

ഇരുഭാഗത്തിന്റെയും വാദങ്ങള്‍ക്കൊടുവില്‍ പ്രതിക്കെതിരെ കൊലപാതകം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ വിധിച്ചത്. പ്രതിക്ക് രണ്ടാഴ്ചയ്ക്കകം വിധിക്കെതിരെ അപ്പീല്‍ നല്‍കാം.

click me!