മുത്തശ്ശിയുടെ 41 ലക്ഷം രൂപയും തിരിച്ചറിയല്‍ രേഖകളുമുള്‍പ്പെടെ കവര്‍ന്നു; കൊച്ചുമകന്‍ പിടിയില്‍

By Web TeamFirst Published Mar 12, 2021, 10:51 PM IST
Highlights

പണം, ആഭരണങ്ങള്‍, പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍, ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, മകന്റെ പാസ്‌പോര്‍ട്ട് എന്നിവ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് വയോധിക പൊലീസിനെ സമീപിച്ചത്.

റാസല്‍ഖൈമ: മുത്തശ്ശിയുടെ 210,000 ദിര്‍ഹം(41 ലക്ഷം ഇന്ത്യന്‍ രൂപ) കവര്‍ന്ന അറബ് വംശജനായ കൊച്ചുമകന്‍ പിടിയില്‍. 150,000 ദിര്‍ഹം പണവും 60,000 ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും കവര്‍ന്ന കേസിലാണ് പരാതിക്കാരിയുടെ കൊച്ചുമകനും സുഹൃത്തും റാസല്‍ഖൈമ സിവില്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. 

പണം, ആഭരണങ്ങള്‍, പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍, ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, മകന്റെ പാസ്‌പോര്‍ട്ട് എന്നിവ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് വയോധിക പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് റാസല്‍ഖൈമ പൊലീസ് കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ മുത്തശ്ശിയുടെ കയ്യില്‍ നിന്നും അറബ് യുവാവ് 2,000 ദിര്‍ഹം കടം വാങ്ങിയിരുന്നു. കടബാധ്യത തീര്‍ക്കാനും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാനും വേണ്ടിയാണെന്ന് പറഞ്ഞ് ഇയാള്‍ മുത്തശ്ശിയുടെ കയ്യില്‍ നിന്നും പണം വാങ്ങുകയായിരുന്നു. പിന്നീടാണ് കവര്‍ച്ച നടത്തിയത്. 

പൊലീസ് അന്വേഷണത്തില്‍ കൊച്ചുമകനെയും സുഹൃത്തിനെയും എമിറേറ്റില്‍ ഒരു കാറിനുള്ളില്‍ കണ്ടെത്തി. മോഷണം പോയ പണവും സ്വര്‍ണവും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. കൂടാതെ പരാതിക്കാരിയുടെ ഹാന്‍ഡ്ബാഗ്, മൊബൈല്‍ഫോണ്‍, നഷ്ടമായ രേഖകള്‍ എന്നിവയും കാറിനുള്ളില്‍ നിന്ന് കണ്ടെത്തി. കുറ്റം സമ്മതിച്ച യുവാവ് താന്‍ മുത്തശ്ശി വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ കവര്‍ച്ചയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും മുത്തശ്ശി തന്നതാണെന്ന് പറഞ്ഞാണ് യുവാവ് പണവും സ്വര്‍ണവും കൊണ്ടുവന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തി. പരാതിക്കാരിക്ക് പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.

(പ്രതീകാത്മക ചിത്രം)
 

click me!