
റിയാദ്: അധ്യാപികമാർ സഞ്ചരിച്ച ബസിന് തീപിടിച്ചപ്പോൾ രക്ഷകനായി സൗദി യുവാവ്. സൗദി വടക്കൻ മേലയിലെ അല്‍ ജൗഫിലാണ് അപകടമുണ്ടായത്. മിന്നല്‍ വേഗത്തിൽ അബ്ദുൽ സലാം അൽ ഷറാറി എന്ന യുവാവ് ബസിനുള്ളിൽ ചാടിക്കയറി ആറ് അധ്യാപികമാരെ രക്ഷപ്പെടുത്തുകയായിരുന്നു. വന്‍ ദുരന്തമാണ് യുവാവിന്‍റെ ധീരമായ ഇടപെടൽ ഒഴിവാക്കിയത്. ആളിപ്പടരുന്ന തീ വകവെക്കാതെ ഉള്ളില്‍ കുടുങ്ങിയ ആറ് അധ്യാപികമാരെയും രക്ഷിച്ച അബ്ദുൽ സലാം നാടിെൻറ ധീരനായകനായി.
ബസില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അപ്പോൾ അതുവഴി വന്ന അബ്ദുൽ സലാം തെൻറ വാഹനം നിര്‍ത്തി ഓടിയെത്തിയത്. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ അധ്യാപികമാര്‍ മരണഭയത്താല്‍ നിലവിളിക്കുകയായിരുന്നു. സമയം ഒട്ടും പാഴാക്കാതെ ബസിെൻറ ജനാലകള്‍ തകര്‍ത്ത് അബ്ദുൽ സലാം ഓരോരുത്തരെയായി പുറത്തെത്തിച്ചു. അവസാനത്തെ ആളെയും സുരക്ഷിതമായി പുറത്തെത്തിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ബസ് പൂര്‍ണമായും അഗ്‌നിക്കിരയായി.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അബ്ദുൽ സലാമിന്‍റെ കൈകാലുകൾക്ക് പൊള്ളലേറ്റു. പൊലീസെത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. അബ്ദുൽ സലാമിെൻറ ധീരത സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തരംഗമായിരിക്കുകയാണ്. ‘ധീരതയുടെ പര്യായം’ എന്നാണ് ഭരണാധികാരികളും പൊതുജനങ്ങളും ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. അബ്ദുൽ സലാമിെൻറ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവാവിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ഭരണകൂടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam