ജോലി നഷ്ടമായതിന് പ്രതികാരമായി പ്രവാസി സഹപ്രവര്‍ത്തകന്റെ കാറിന് തീവെച്ചു

By Web TeamFirst Published Oct 17, 2019, 10:33 PM IST
Highlights

മദ്യലഹരിയിലായിരുന്ന പ്രതി, പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയശേഷം ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

അബുദാബി: ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടതിന്റെ ദേഷ്യത്തില്‍ പ്രവാസി സഹപ്രവര്‍ത്തകന്റെ കാര്‍ കത്തിച്ചു. സുഹൃത്ത് കാരണമാണ് തന്റെ ജോലി നഷ്ടമായതെന്ന് ആരോപിച്ചായിരുന്നു 30കാരന്‍ പ്രതികാരം ചെയ്തത്. ഇയാളെ പിന്നീട് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലായിരുന്ന പ്രതി, പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയശേഷം ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയില്‍ കാറിന് തീ കൊളുത്തിയെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കാറില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പെട്ട, സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് കാറുകളിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ അഗ്നിശമന സേനയ്ക്കായി. 

കാറിന് തീയിട്ടതിന് പുറമെ നിയമവിരുദ്ധമായി മദ്യപിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജസ്റ്റര്‍ ചെയ്തു. നേരത്തെ കേസ് പരിഗണിച്ച ക്രിമിനല്‍ കോടതി ഇയാള്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയ ഇയാള്‍, താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചു. പൊലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കുറ്റം സമ്മതിച്ചതാണെന്നും കഠിനമായ ചൂട് കാരണം കാറിന് തീപിടിച്ചതാവാമെന്നുമായിരുന്നു വാദം. തുടര്‍ന്ന് കേസ് ഈ മാസം 27ലേക്ക് മാറ്റിവെച്ചു.

click me!