
ദുബായ്: റൂമില്‍ വെച്ച് മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിച്ച സുഹൃത്തിനെ പ്രവാസി കുത്തിക്കൊന്നു. സംഭവ സമയത്ത് മദ്യ ലഹരിയായിരുന്ന പ്രതിയായ ഇന്ത്യക്കാരനെ ഇന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
മുഹൈസിനയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു സംഭവം. രാത്രി 10.30ഓടെ ഇവിടെയുണ്ടായിരുന്ന ഡ്രൈവറാണ് തന്നെ വിവരം അറിയിച്ചതെന്ന് ഇന്ത്യക്കാരനായ ലേബര്‍ അക്കമഡേഷന്‍ സൂപ്പര്‍വൈസര്‍ പൊലീസിന് മൊഴി നല്‍കി. വിവരമറിഞ്ഞ് ഇരുവരും താമസിച്ചിരുന്ന മുറിയിലെത്തിയപ്പോള്‍ പുറത്ത് മറ്റ് തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുകയായിരുന്നു. വാതില്‍ തുറന്ന് അകത്ത് കയറിപ്പോള്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ച ഇയാളുടെ ശരീരം കണ്ടെത്തി.
നാട്ടിലേക്ക് പോകുകയായിരുന്ന മറ്റൊരു സുഹൃത്തിനോട് സംസാരിച്ച ശേഷം ഇരുവരും മുറിയിലേക്ക് കയറുകയും പിന്നീട് രണ്ട് പേരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തുവെന്നാണ് മറ്റ് തൊഴിലാളികള്‍ പറയുന്നത്. മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിച്ചുവെന്ന് പറഞ്ഞായിരുന്നു വാക്കുതര്‍ക്കം തുടങ്ങിയത്. തര്‍ക്കം മൂത്തതോടെ കട്ടിലിന്റെ താഴെനിന്ന് കത്തി എടുത്ത് സുഹൃത്തിന്റെ വയറ്റില്‍ കുത്തി. കത്തി വലിച്ചൂരിയ ശേഷം അതുമായി മുറിയില്‍ നിന്ന് പുറത്തിറങ്ങിപ്പോയി.
പിന്നീട് പൊലീസ് വരുമ്പോഴും ഇയാള്‍ സ്ഥലത്ത് തന്നെയുണ്ടായിരുന്നു. പ്രതിയുടെ വിരലുകള്‍ക്കിടയിലൂടെ രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബാത്ത്റൂമിലെ വസ്ത്രത്തിനടിയിലാണ് ഇയാള്‍ കത്തി ഒളിപ്പിച്ചത്. മൃതദേഹത്തിന് സമീപത്ത് ഒരു പാത്രവും കിടപ്പുണ്ടായിരുന്നു. പ്രതിയോ കൊല്ലപ്പെട്ടയാളോ ഇതുപയോഗിച്ച് അടിച്ചിരിക്കാമെന്നും പൊലീസ് പറയുന്നു. കേസ് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റിവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam