യുഎഇയില്‍ മോഷണക്കുറ്റത്തിന് പ്രവാസി അറസ്റ്റില്‍; കാരണം അറിഞ്ഞപ്പോള്‍ കോടതി ചെയ്തത്...

By Web TeamFirst Published Jan 10, 2020, 4:05 PM IST
Highlights

സുഗന്ധദ്രവ്യങ്ങള്‍ പായ്ക്ക് ചെയ്ത് അയക്കുന്ന ഒരു കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് ഇയാള്‍ പണം മോഷ്ടിച്ചത്. ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ചില രേഖകള്‍ എടുക്കാനായി അകത്തേക്ക് പോയ നേരത്തായിരുന്നു മോഷണം. 

അജ്‍മാന്‍: വാഹനത്തില്‍ നിന്ന് 7,500 റിയാല്‍ (1.40 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മോഷ്ടിച്ചതിന് പ്രവാസി അറസ്റ്റില്‍. 39കാരനായ പ്രതി ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നാണ് പണം മോഷ്ടിച്ചത്. എന്നാല്‍ മോഷണത്തിന് പ്രേരിപ്പിച്ച കാരണമറിഞ്ഞതോടെ പ്രതിക്ക് നിസാര ശിക്ഷയാണ് കോടതി വിധിച്ചത്.

സുഗന്ധദ്രവ്യങ്ങള്‍ പായ്ക്ക് ചെയ്ത് അയക്കുന്ന ഒരു കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് ഇയാള്‍ പണം മോഷ്ടിച്ചത്. ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ചില രേഖകള്‍ എടുക്കാനായി അകത്തേക്ക് പോയ നേരത്തായിരുന്നു മോഷണം. ഓഫീസിന് മുന്നിലായിരുന്നതിനാല്‍ ഡ്രൈവര്‍ കാര്‍ ഓഫ് ചെയ്തിരുന്നില്ല. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ പണം വെച്ചിരുന്ന ബാഗ് നഷ്ടമായെന്ന് കണ്ട് ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന സിസിടിവി ക്യമറകളില്‍ മോഷണദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. പ്രതി കാറില്‍ നിന്ന് പണം എടുക്കുന്നതും ബാഗ് ചവറ്റുകുട്ടയില്‍ എറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവുകള്‍ മുന്നില്‍വെച്ച് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.

അമ്മയുടെ ചികിത്സയ്ക്ക് നാട്ടിലേക്ക് അടിയന്തരമായി നാട്ടിലേക്ക് അയക്കാന്‍ പണം ആവശ്യമായി വന്നുവെന്നും മറ്റൊരു വഴിയുമില്ലാത്തതിനാല്‍ മോഷ്ടിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞത്. മോഷ്ടിച്ച പണം പൂര്‍ണമായി ഇയാള്‍ ഉപയോഗിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. അമ്മയുടെ ചികിത്സയ്ക്ക് അത്യാവശ്യമുണ്ടായിരുന്ന 1000 ദിര്‍ഹം മാത്രം നാട്ടിലേക്ക് അയച്ച ശേഷം ബാക്കി പണം മരുഭൂമിയില്‍ കുഴിച്ചിട്ടുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. കേസ് പരിഗണിച്ച അജ്‍മാന്‍ കോടതി, പ്രതിയുടെ അവസ്ഥ പരിഗണിച്ച് മൂന്ന് മാസത്തെ ജയില്‍ ശിക്ഷ മാത്രമാണ് വിധിച്ചത്.

click me!