കുവൈത്ത് സിറ്റി: സർക്കാർ മന്ത്രാലയങ്ങളിലെ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനത്തിൽ വൻതോതിൽ കൃത്രിമം കാണിച്ച 12 ഉദ്യോഗസ്ഥരെ കുവൈത്ത് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഫോർജറി ആൻഡ് കൗണ്ടർഫീറ്റിംഗ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഔദ്യോഗിക ജോലി സമയങ്ങളിൽ കൃത്രിമം കാണിക്കുന്നവരെയും വ്യാജരേഖകൾ ചമയ്ക്കുന്നവരെയും കണ്ടെത്താനായി നടത്തുന്ന കർശനമായ സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.
ഒരു പ്രമുഖ മന്ത്രാലയത്തിലെ 12 സ്ത്രീ, പുരുഷ ജീവനക്കാരാണ് പിടിയിലായത്. ഇവർക്ക് വേണ്ടി നിയമവിരുദ്ധമായി ഹാജർ രേഖപ്പെടുത്തി നൽകിയിരുന്ന ഈജിപ്ഷ്യൻ, ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പ്രവാസികളെയും അധികൃതർ പിടികൂടിയിട്ടുണ്ട്. സിലിക്കൺ ഉപയോഗിച്ച് നിർമ്മിച്ച വിരലടയാളങ്ങളുടെ കൃത്രിമ മാതൃകകൾ ഉപയോഗിച്ചാണ് ഇവർ മന്ത്രാലയ ജീവനക്കാരുടെ ഹാജർ മെഷീനിൽ രേഖപ്പെടുത്തിയിരുന്നത്. ജീവനക്കാർ ഓഫീസിൽ എത്തുന്ന സമയവും തിരിച്ചു പോകുന്ന സമയവും യഥാസമയം രേഖപ്പെടുത്താൻ ഈ സിലിക്കൺ വിരലടയാളങ്ങൾ സഹായിച്ചിരുന്നു.
പിടിയിലായ പ്രവാസികൾ ഓരോ ജീവനക്കാരനിൽ നിന്നും ഇതിന് പകരമായി പ്രതിഫലം വാങ്ങിയിരുന്നു എന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം. ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നതിലൂടെ ജോലിക്ക് ഹാജരാകാതെ തന്നെ ഔദ്യോഗിക രേഖകളിൽ തങ്ങൾ ജോലിയിൽ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ജീവനക്കാർക്ക് സാധിച്ചിരുന്നു. മന്ത്രാലയത്തിലെ ഹാജർ സംവിധാനത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam