
റിയാദ്: സൗദി കോൺട്രാക്ടിങ് മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം. വകുപ്പിന് കീഴിലെ മാനവ വിഭവ ശേഷി ഫണ്ടും (ഹദഫ്) സൗദി കോൺട്രാക്ടിങ് അതോറിറ്റിയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. നാല് തൊഴിലുകളുടെ സ്വദേശിവത്കരണത്തിലൂടെ 20,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നിരവധി വിദേശികൾക്ക് ഈ നടപടിമൂലം ജോലി നഷ്‍ടമാകും. നിലവിൽ 90 ശതമാനം വിദേശികളുള്ള ഈ മേഖലയിലും നിർമാണ രംഗത്തും സ്വദേശിവത്കരണം നടത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. കൺസ്‍ട്രക്ഷൻ സൂപർവൈസർ, കൺസ്‍ട്രക്ഷൻ ടെക്നീഷ്യൻ, സർവെ ടെക്‌നിഷ്യൻ, റോഡ് ടെക്‌നിഷ്യൻ എന്നീ തസ്‍തികകളാണ് ആദ്യ ഘട്ടത്തിൽ സ്വദേശിവത്കരിക്കുന്നത്. സ്വദേശി യുവാക്കൾക്ക് ഈ തൊഴിലുകൾക്ക് ആവശ്യമായ പരിശീലനം സൗദി ടെക്നിക്കൽ ആന്റ് വൊക്കേഷനൽ ട്രെയിനിങ് കേന്ദ്രങ്ങളിൽ നൽകും.
പരിശീലനത്തിനിടക്കും ജോലിയിൽ പ്രവേശിച്ച ആദ്യഘട്ടത്തിലും ആവശ്യമായ പിന്തുണയും സാമ്പത്തിക സഹായവും മാനവ വിഭവ ശേഷി ഫണ്ട് നൽകും. വിദേശികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള കോൺട്രാക്ടിങ്, നിർമാണ മേഖല സ്വദേശിവത്കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam