
ദുബൈ: ഇസ്രയേല്‍-ഇറാൻ സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും തടസ്സപ്പെടുന്നു. വിവിധ വിമാനങ്ങള്‍ റദ്ദാക്കുകയും പല സര്‍വീസുകളും വൈകുകയും ചെയ്തു. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഇറാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഒമാന്‍ ആകാശപാതയില്‍ തിരക്കേറിയതാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായത്. എയര്‍ ഇന്ത്യ എക്സ്‍പ്രസ് കേരളത്തില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.
ഗൾഫിലേക്കുള്ള ആറോളം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് റദ്ദാക്കിയത്. ഇറാന്‍ വ്യോമപാത അടച്ചിരിക്കുകയാണ്. പല വിമാനങ്ങളും ഒമാന്‍ വ്യോമപാത സ്വീകരിച്ചതോടെ ഈ പാതയില്‍ എയര്‍ട്രാഫിക് വര്‍ധിച്ചു. തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂര്‍-ഷാര്‍ജ വിമാനം, ബുധനാഴ്ച പുറപ്പെടേണ്ട ഷാര്‍ജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാര്‍ജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്‍പ്രസ് യാത്രക്കാരെ അറിയിച്ചത്. എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ബഹ്റൈന്‍-കോഴിക്കോട്, കോഴിക്കോട്-ബഹ്റൈന്‍ സര്‍വീസും റദ്ദാക്കിയിരുന്നു.
പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. കോഴിക്കോട്-കുവൈത്ത് സർവിസ് മൂന്നു മണിക്കൂറും, കണ്ണൂർ സർവീസ് മണിക്കൂറുകളും വൈകി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട് സർവീസുകളും വൈകി. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. യുഎഇയ്ക്കും ഇന്ത്യക്കും ഇടയില്‍ പറക്കുന്ന മറ്റ് എയര്‍ലൈനുകളും സര്‍വീസുകള്‍ റദ്ദാക്കുകയും വൈകി പുറപ്പെടുകയും ചെയ്തു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സ്പൈസ്ജെറ്റ് എക്സില്‍ അറിയിപ്പ് പങ്കുവെച്ചിരുന്നു. ദുബൈ വ്യോമപാതയില്‍ എയര്‍ട്രാഫിക് വൻതോതില്‍ ഉയര്‍ന്നതിനാലും മസ്കറ്റ് വ്യോമപാത ലഭ്യമാകാത്തതിനാലും വിമാനങ്ങളുടെ പുറപ്പെടലിനെയും എത്തിച്ചേരലിനെയും ബാധിക്കുമെന്നാണ് എയര്‍ലൈന്‍റെ അറിയിപ്പ്.
യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിവിധ വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ