
അദുബാബി: പ്രവാസികളുമായി നാട്ടിലേക്ക് പുറപ്പെട്ട വിമാനം അപകടത്തില്‍പ്പെട്ടതിന്‍റെ ഞെട്ടലിലാണ് യുഎഇയിലെ പ്രവാസി സമൂഹം. യാത്രക്കാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പരിഭ്രാന്തിയിലാണ്. തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയവരായിരുന്നു യാത്രക്കാരിലേറെയും.
ദുബായില്‍ ജോലിചെയ്യുന്ന പേരാമ്പ്ര സ്വദേശി ഇസ്മായിലിന്റെ ഭാര്യ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചുമാസം ഗര്‍ഭിണിയായ ആയിഷയ്ക്ക് ഗുരുതരപരുക്കുകളൊന്നുമില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും നേരിട്ട് സംസാരിക്കാനായിട്ടില്ല. നാട്ടിലേക്ക് പോകണമെന്നുണ്ട് പക്ഷേ 28 ദിവസം ക്വാറന്‍റീനില്‍ കഴിയേണ്ടിവരുമെന്നതാണ് പ്രയാസം. യാത്രക്കാരില്‍ ഭൂരിഭാഗവും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. എല്ലാം നഷ്ടമായി നാട്ടില്‍ തിരിച്ചെത്തി പുതിയൊരു ജീവിതം തുടങ്ങാന്‍ കാത്തിരുന്നവരെയാണ് ദുരന്തം എതിരേറ്റത്.
അപകടത്തിന് തൊട്ടുപിന്നാലെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പരുക്കേറ്റിട്ടുണ്ടോ എന്ന് അറിയാന്‍ നാട്ടിലേയ്ക്കും ദുബായിലെ എയര്‍ ഇന്ത്യാ ഓഫീസിലേക്കും വിളിച്ചുകൊണ്ടിരുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനടക്കം വിവിധ മലയാളി സംഘടനകള്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങിയത് ഇക്കൂട്ടര്‍ക്ക് ആശ്വാസമായി.
ഭാര്യയും മകളുമായി വീട്ടിലേക്കു മടങ്ങുന്നതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് അഞ്ചുമണിക്കൂറിനുള്ളിലാണ് ഷറഫുദ്ദീന്‍ ജീവിത്തില്‍ നിന്നും വിടവാങ്ങിയത്. പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കാശ് ഏല്‍പിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങിയ ഷറഫു മരണം മുന്നില്‍ കണ്ടതായി സുഹൃത്തുക്കള്‍ പറയുന്നു. 'ബാക് ടു ഹോം' എന്ന കുറിപ്പോടെ കുടുംബത്തോടൊപ്പം വിമാനത്തിലിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോേള്‍ കുന്ദമംഗലം സ്വദേശി ഷറഫു കരുതിയിരിക്കില്ല, ഇത് അവസാനത്തെ യാത്രയാകുമെന്ന്. പരുക്കേറ്റ ഭാര്യയും മകളും ചികിത്സയിലാണ്. വര്‍ഷങ്ങളായി യുഎഇയിലുള്ള ഷറഫു പിലാശ്ശേരി ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. നല്ലൊരു സൗഹൃദ വലത്തിനുടമയായ ഇദ്ദേഹം സാമൂഹിക രംഗത്തും സജീവമായിരുന്നു. പക്ഷേ ഇക്കുറി നാട്ടിലേക്കു മടങ്ങുമ്പോള്‍ പ്രിയ സുഹൃത്ത് മരണം മുന്നില്‍ കണ്ടതായി സുഹൃത്തുക്കള്‍ പറയുന്നു.
നേരത്തേ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതാണെങ്കിലും കൊവിഡിന്റെ വ്യാപനം കുറയാന്‍ കാത്തിരുന്നു.ലോക് ഡൗണില്‍ വീട്ടിനകത്ത് ഒതുങ്ങിക്കൂടാതെ പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഈ ചെറുപ്പക്കാരന്‍ പ്രത്യേക താല്‍പര്യംകാട്ടി.അങ്ങനെ സ്വന്തം ജീവന്‍പോലും വകവെക്കാതെ മഹാമാരിക്കാലത്ത് ഓടി നടന്ന ഷറഫു നീണ്ട ഇടവേളയ്ക്ക് ശേഷം വീട്ടുകാരേയും കൂടപിറപ്പുകളേയും കാണാന്‍ സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ്.
ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്നവര്‍, വിസാ കാലാവധി അവസാനിച്ചവര്‍, ചികിത്സയ്ക്കായി പോയവര്‍, നാട്ടില്‍ കുടുങ്ങിയ കുടുംബത്തെ കാണാന്‍ പുറപ്പെട്ടവര്‍ എന്നിങ്ങനെ അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടവരായിരുന്നു അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരെന്ന് കോണ്‍സുല്‍ ജനറല്‍ അമന്‍ പുരിയെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്‍ ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനവും അതിലെ യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ +971-565463903, +971-543090575, +971-543090571, +971-543090572 എന്ന ഹെല്‍പ്‍ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെല്പ് ഡെസ്ക് നമ്പർ- ഹെല്‍പ് ഡെസ്ക്- ഇ പി ജോണ്‍സണ്‍- 0504828472, അബ്ദുള്ള മള്ളിച്ചേരി- 0506266546, ഷാജി ജോണ്‍- 0503675770, ശ്രീനാഥ്- 0506268175.
അതേസമയം ഇന്നലെ നടന്ന കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആണെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam