ജോലി നഷ്ടമായവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍...; അപകടത്തില്‍പ്പെട്ടത് അടിയന്തരമായി നാട്ടിലെത്തേണ്ട പ്രവാസികള്‍

By Web TeamFirst Published Aug 8, 2020, 8:52 AM IST
Highlights

യുഎഇയില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില്‍ ഒരു മാസത്തെ ഗ്രേസ് പീരിഡിന് അപേക്ഷിക്കുകയോ വേണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിരുന്നു.

ദുബായ്: കരിപ്പൂരിലെ അപ്രതീക്ഷിത വിമാനാപകടത്തില്‍ നടുക്കത്തിലാണ് കേരളത്തിനൊപ്പം പ്രവാസ ലോകവും. 174 മുതിര്‍ന്നവരും 10 കുട്ടികളുമടക്കമുള്ള യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 190 പേരാണ് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് 1344 നമ്പർ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവരെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരി.

ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്നവര്‍, വിസാ കാലാവധി അവസാനിച്ചവര്‍, ചികിത്സയ്ക്കായി പോയവര്‍, നാട്ടില്‍ കുടുങ്ങിയ കുടുംബത്തെ കാണാന്‍ പുറപ്പെട്ടവര്‍ എന്നിങ്ങനെ അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടവരായിരുന്നു അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരെന്ന് കോണ്‍സുല്‍ ജനറല്‍ അമന്‍ പുരിയെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 

യുഎഇയില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടുകയോ അല്ലെങ്കില്‍ ഒരു മാസത്തെ ഗ്രേസ് പീരിഡിന് അപേക്ഷിക്കുകയോ വേണമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്‍ ഇത്തരത്തില്‍ മടങ്ങണമെന്ന് അധികൃതരുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരുന്നത്. ജൂലൈ 12 മുതലാണ് ഇതിനുള്ള സമയപരിധി കണക്കാക്കുന്നത്. ഓഗസ്റ്റ് 11ന് മുമ്പ് രാജ്യം വിടാന്‍ സാധിക്കാത്തവര്‍ക്ക് ഒരിക്കല്‍ കൂടി 30 ദിവസത്തെ ഗ്രേസ് പീരിഡ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനായി പുറപ്പെട്ട വിസാ കാലാവധി കഴിഞ്ഞ പ്രവാസികളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്‍‍ ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വിമാനവും അതിലെ യാത്രക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ  +971-565463903, +971-543090575, +971-543090571, +971-543090572 എന്ന ഹെല്‍പ്‍‍‍ലൈന്‍‍‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹെല്പ് ഡെസ്ക് നമ്പർ- ഹെല്‍പ് ഡെസ്ക്- ഇ പി ജോണ്‍സണ്‍- 0504828472, അബ്ദുള്ള മള്ളിച്ചേരി- 0506266546, ഷാജി ജോണ്‍- 0503675770, ശ്രീനാഥ്- 0506268175.

അതേസമയം ഇന്നലെ നടന്ന കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആണെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്തിട്ടുണ്ട്. 

ടേബിൾടോപ്പ് റൺവേയിൽ ഇറങ്ങിയ വിമാനം സ്ഥാനം തെറ്റി റൺവേയിൽ നിന്ന് തെറ്റി താഴേക്ക് വീഴുകയായിരുന്നു. മുപ്പത് അടി താഴ്ചയിലേക്ക് വീണ വീമാനത്തിന്‍റെ മുൻഭാഗം പിളര്‍ന്ന് മാറി. 

കരിപ്പൂര്‍ വിമാനദുരന്തം: ഞെട്ടലില്‍ പ്രവാസി സമൂഹം

കരിപ്പൂർ ദുരന്തം: മരണം 19, ചികിത്സയിൽ 171 പേർ, ഗർഭിണിയും കുട്ടികളും അടക്കം ഗുരുതരാവസ്ഥയിൽ

click me!