
റിയാദ്: സൗദി വടക്കുപടിഞ്ഞാറൻ ഭാഗമായ തബൂക്ക് മേഖലയിലുള്ള ഹഖ്ൽ സെക്ടറിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് 3,53,000 ആംഫെറ്റാമൈൻ ലഹരിഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനെ കോസ്റ്റൽ പട്രോളിങ് വിഭാഗം പിടികൂടുകയായിരുന്നു.
പിടിയിലായ പ്രതിക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ അതിർത്തി രക്ഷാസേന പൂർത്തിയാക്കി. പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട ലഹരിവിരുദ്ധ വകുപ്പിന് കൈമാറിയതായും സുരക്ഷാ വിഭാഗം ഔദ്യോഗികമായി അറിയിച്ചു. ലഹരിക്കടത്തിനെതിരെ കർശന ജാഗ്രത പുലർത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി അധികൃതരെ അറിയിക്കണമെന്നും സുരക്ഷാ മന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഉള്ളവർക്ക് 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 999 എന്ന നമ്പറിലും സുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിെൻറ 995 എന്ന നമ്പറിലും പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam