
ഷാര്‍ജ: ഷാര്‍ജയിലെ പെയിന്റ് ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹംരിയയിലെ പെയിന്റ് ഫാക്ടറിയില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു തീപിടുത്തമുണ്ടായത്. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.
വൈകുന്നേരം 4.15നാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാ അംഗങ്ങള്‍ കഠിന പരിശ്രമത്തിനൊടുവില്‍ വൈകുന്നേരം 5.45ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പിന്നീട് ക്രിമിനല്‍ ലബോറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഉള്‍പ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വേനല്‍കാലത്ത് സാധാരണയായി രാജ്യത്ത് വര്‍ദ്ധിച്ചുവരാറുള്ള തീപിടുത്തങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വകുപ്പ് ഊര്‍ജിത നടപടികള്‍ തുടങ്ങി. കഴിഞ്ഞ ദിവസത്തെ അപകടത്തിന് പിന്നാലെ അധികൃതര്‍ വ്യപക പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. തീപിടുത്തങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലും ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലും പതിവ് പരിശോധനകള്‍ക്ക് പുറമെ അപ്രതീക്ഷിത പരിശോധനകള്‍ കൂടി നടത്താനാണ് പദ്ധതിയിടുന്നത്. പൊതുജനങ്ങളില്‍ തീപിടുത്തം തടയാനാവശ്യമായ അവബോധം പകരുന്നതിനായി ബോധവത്കരണവും നടത്തുന്നുണ്ട്.
തീപിടുത്തങ്ങള്‍ മിക്കപ്പോഴും ഉണ്ടാകുന്നത് മുന്‍കരുതലുകളെക്കുറിച്ചുള്ള അറിവില്ലായ്‍മ കൊണ്ടും അശ്രദ്ധ കൊണ്ടുമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിന്നല്‍ പരിശോധന പോലുള്ള നടപടികളിലൂടെ കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം അപകടങ്ങള്‍ കുറയ്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. വേനല്‍കാലത്ത് അശ്രദ്ധകൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ