കൊവിഡ് 19: സൗദിയിൽ പ്രവേശിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ്

By Web TeamFirst Published Mar 8, 2020, 11:58 AM IST
Highlights

കൊവിഡ് 19 ബാധിച്ച രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ പ്രവേശിക്കാനായി പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

റിയാദ്: കൊവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്ന് സൗദിയില്‍ പ്രവേശിക്കാന്‍ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം ഈജിപ്തിൽ നിന്നുള്ള വിമാനങ്ങളില്‍ നിർബന്ധമാക്കി. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇതുസംബന്ധിച്ച സർക്കുലര്‍ പുറത്തിറക്കിയത്.

ശനിയാഴ്ച വൈകുന്നേരാണ് വിജ്ഞാപനം ഇറങ്ങിയത്. മറ്റു രാജ്യങ്ങളുടെ പേരുകള്‍ നിലവില്‍ അതോറിറ്റി പുറപ്പെടുവിച്ച സർക്കുലറില്‍ ഇല്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ അതുണ്ടാവുമെന്നാണ് കരുതുന്നത്. കൊവിഡ് ബാധിത രാജ്യമായി ഇന്ത്യയെ ആരോഗ്യ മന്ത്രാലയം പട്ടികയില്‍ ഉൾപ്പെടുത്തിയതിനാല്‍ സർട്ടിഫിക്കറ്റ് നിയമം ബാധകമാവുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കൊവിഡ് ഗുരുതര ഭീഷണി സൃഷ്ടിച്ച രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. 

അടുത്ത ദിവസങ്ങളില്‍ വ്യക്തത വന്നേക്കാം. പുതിയ വിസയിലും റീഎൻട്രി വിസയിലും സൗദിയിലേക്ക് വരുന്നതിന് കൊവിഡ് 19 ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് (പി.സി.ആർ) വേണമെന്ന നിബന്ധന ചുമത്തി സൗദി ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത് ശനിയാഴ്ചയാണ്. ഇത് പ്രകാരം പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ളതാവണം സര്‍ട്ടിഫിക്കറ്റ്.

യാത്രയുടെ 24 മണിക്കൂറിനകം എടുത്ത സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ. ഇവ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ബാധ്യത എയർലൈനുകൾക്കായിരിക്കും. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ല.  
ᐧ 

click me!