സൗദിയിൽ പുതുതായി രണ്ട് സ്ത്രീകൾക്ക് കൂടി കൊവിഡ് 19

By Web TeamFirst Published Mar 8, 2020, 8:36 AM IST
Highlights

സൗദിയില്‍ പുതുതായി രണ്ട് സ്ത്രീകൾക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. 

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി രണ്ട് സ്ത്രീകൾക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. രണ്ടുപേരും സൗദി സ്വദേശിനികളാണ്. ഒരാൾ ഇറാനിലും മറ്റേയാൾ ഇറാഖിലും പോയി സൗദിയിൽ തിരിച്ചെത്തിയവരാണ്. രണ്ടുപേരും ഇറാനിലും ഇറാഖിലും പോയകാര്യം തുടക്കത്തിൽ മറച്ചുവെച്ചെന്നും സംശയം തോന്നി സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ സൗദിയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. വ്യാഴാഴ്ച വരെ അഞ്ചു പേര്‍ക്കാണ് സൗദിയിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നത്. ഇവരില്‍ നാലു പേരും ഇറാനില്‍ നിന്നെത്തിയവരാണ്. അ‍ഞ്ചാമത് ബാധിച്ച യുവതിക്ക് ഭര്‍ത്താവില്‍ നിന്നാണ് കൊറോണ പടര്‍ന്നത്. ശനിയാഴ്ച രണ്ട് പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ എണ്ണം ഏഴാവുകയും ചെയ്തു. രോഗികളിൽ മൂന്നുപേരും സ്ത്രീകളാണ്. പുതുതായി രോഗം സ്ഥിരീകരിച്ച സ്ത്രീകളിൽ ഒരാള്‍ ഇറാനില്‍ നിന്നും ബഹ്റൈന്‍ വഴിയും മറ്റേയാൾ ഇറാഖിലെ നജഫിൽ പോയ ശേഷം തിരിച്ച് യുഎഇ വഴിയുമാണ് സൗദിയിൽ എത്തിയത്. ഇറാനിൽ പോയ സൗദി പൗരന്മാരുടെ കണക്ക് ആരോഗ്യമന്ത്രാലയം ശേഖരിക്കുകയാണ്. ഇതുവരെ 128 പേർ ഇറാനിൽ പോയി. അതിൽ 95 പേർ ഇപ്പോഴും ഇറാനിൽ കഴിയുന്നു. ഏഴുപേർ മടക്കയാത്രയിൽ മറ്റ് രാജ്യങ്ങളിലാണ്. ബാക്കി 26 പേർ സൗദിയിൽ തിരിച്ചെത്തി. 
 

click me!