ഇവിടെ കുടിക്കാന്‍ മാത്രമല്ല കാപ്പി; രുചിയും മണവും നിറഞ്ഞ 'കാപ്പി ചിത്രങ്ങള്‍' കൂടി കാണാം

By Jojy JamesFirst Published Jan 17, 2023, 10:10 PM IST
Highlights

ഓരോ ചിത്രത്തിനും അനുയോജ്യമായ തരത്തില്‍ പല നിറങ്ങളിലുള്ള കാപ്പിക്കുരുക്കൾ പലയിടങ്ങളില്‍ നിന്നായി ശേഖരിക്കുന്നു. കടുംകാപ്പിക്കളറും, തവിട്ട് നിറവും വെള്ള നിറവുമെല്ലാമുള്ള കാപ്പിക്കുരുക്കൾ ഉപയോഗിച്ചാണ് ചിത്രരചന. 

ദുബൈ: ലോകമെങ്ങും നിന്നുള്ള കാപ്പിയുടെ രുചിയും മണവും നിറഞ്ഞ കഥകളാണ് ഇവിടെയെങ്ങും. പൊന്നും വിലയുള്ള കാപ്പി മുതല്‍ സാദാ കാപ്പി വരെ. പലതരത്തിലുള്ള രുചിയും  ഗുണവുമുള്ള കാപ്പികളുടെ വിശേഷങ്ങൾ. ലോകമെങ്ങും നിന്നുള്ള ഈ കാപ്പി  കാഴ്ചകൾക്കിടയില്‍ നിന്നാണ് വ്യത്യസ്തമായ ഒരു കാപ്പിക്കഥ കണ്ടത്. കാപ്പിയുടെ നിറവും മണവുമുള്ള ചിത്രങ്ങൾ. കാപ്പിക്കുരു ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങളും ഒരുക്കാമെന്ന് ലോകത്തിന് കാണിച്ച് നല്‍കുന്ന കലാകാരന്റെ കഥ. ഈജിപ്ഷ്യന്‍ പൗരനായ ജോര്‍ജ് സോഭി. 

വ്യത്യസ്ത നിറങ്ങളിലുള്ള കാപ്പിക്കുരുക്കൾ ഉപയോഗിച്ചാണ് സോഭി മനോഹര ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓരോ ചിത്രത്തിനും അനുയോജ്യമായ തരത്തില്‍ പല നിറങ്ങളിലുള്ള കാപ്പിക്കുരുക്കൾ പലയിടങ്ങളില്‍ നിന്നായി ശേഖരിക്കുന്നു. കടുംകാപ്പിക്കളറും, തവിട്ട് നിറവും വെള്ള നിറവുമെല്ലാമുള്ള കാപ്പിക്കുരുക്കൾ ഉപയോഗിച്ചാണ് ചിത്രരചന. കഴിഞ്ഞ ഏഴുവര്‍ഷമായി സോഭി ഇത്തരം ചിത്രങ്ങളൊരുക്കുന്നു. കാപ്പിക്കുരു ഉപയോഗിച്ച് ചിത്രങ്ങൾ ഒരുക്കുന്ന മധ്യപൂര്‍വദേശത്തെ ഏക കലാകരന്‍ താനാണെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. ആയിരത്തോളം ചിത്രങ്ങൾ ഇതിനകം തയാറാക്കി കഴിഞ്ഞു.

അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസും, എലിസബത്ത് രാജ്ഞിയും, നെല്‍സണ്‍ മണ്ടേലയും എല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി ജോര്‍ജ് സോഫി കാന്‍വാസില്‍ ഒരുക്കിയിരിക്കുന്നു. ഓരോ ചിത്രത്തിനും പിന്നില്‍ വലിയ അധ്വാനമുണ്ടെന്നും അദ്ദേഹം പറയുന്നു. കാപ്പിപ്പൊടി വെള്ളത്തില്‍ ചാലിച്ചാണ് ചിത്രങ്ങൾക്കെല്ലാം പശ്ചാത്തലമൊരുക്കിയിരിക്കുന്നതും. കാപ്പിക്കുരു കാന്‍വാസില്‍ ഉറപ്പിച്ച് കഴിഞ്ഞാല്‍ നശിച്ച് പോകാതിരിക്കാന്‍ മുകളില്‍ ചില രാസലായനികൾ തേച്ച് പോളിഷ് ചെയ്യും. തന്റെ കാപ്പിച്ചിത്രങ്ങളുടെ വലിയ ഒരു പ്രദര്‍ശനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.

വീഡിയോ കാണാം...

Read also:മലപ്പുറത്തു നിന്ന് ആഫ്രിക്കയിലേക്കുള്ള അരുണിമയുടെ സൈക്കിള്‍ യാത്ര യുഎഇയില്‍

click me!