
റിയാദ്: സൗദി അറേബ്യയിൽ വരാനിരിക്കുന്ന ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി തിങ്കളാഴ്ച നൽകിയ അറിയിപ്പ് പ്രകാരം, സൗദിയിൽ മഴക്കാലം അതിെൻറ ഉച്ചസ്ഥായിയിലെത്തുന്നത് ഏപ്രിൽ മാസത്തിലാണ്. ഈ വർഷം ഏപ്രിലിൽ മിക്ക പ്രദേശങ്ങളിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനൊപ്പം തന്നെ ചിലയിടങ്ങളിൽ താപനില സാധാരണയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രത്യേകിച്ച് ജിസാൻ, അസീർ എന്നീ പ്രവിശ്യകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുന്ന വ്യാഴാഴ്ച വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ നിർദേശിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അത്തരം ഇടങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും വിട്ടുനിൽക്കുക, മഴവെള്ളപ്പാച്ചിലിലോ വെള്ളക്കെട്ടുകളിലോ നീന്താൻ ശ്രമിക്കരുത്, മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കുക എന്നീ ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്. സൗദിയിലെ വിവിധ പ്രദേശങ്ങൾ തിരിച്ച് മഴ പെയ്യാനുള്ള സാധ്യതകൾ ഇനി പറയുന്ന പ്രകാരമാണ്. മക്ക, ത്വാഇഫ്, മൈസാൻ, അദം, അൽ അർദിയാത്ത് തുടങ്ങിയ ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും പൊടിപടലങ്ങളും ഈ മേഖലകളിൽ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം.
റിയാദ് പ്രവിശ്യയിൽ വാദി അൽ ദവാസിർ, സുലൈൽ, അഫ്‌ലാജ്, അൽ റെയ്ൻ, അൽ ഹരീഖ്, അൽ ദലം, ഹോത്ത ബാനി തമീം എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. തലസ്ഥാനമായ റിയാദ്, പ്രാന്തപ്രദേശങ്ങളായ അൽ മുസാഹ്മിയ, ദറഇയ, ഖർജ് തുടങ്ങിയ ഇടങ്ങളിലും നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ പ്രവിശ്യയിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തബൂക്ക്, അൽ ജൗഫ്, ഹാഇൽ, വടക്കൻ അതിർത്തി മേഖലകൾ, മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ, അൽ ഖസീം എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam