Covid Rapid Test : വിമാനത്താവളത്തിലെ കൊവിഡ് പരിശോധന; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മൈക്രോ ഹെല്‍ത്ത്

By Web TeamFirst Published Jan 11, 2022, 3:29 PM IST
Highlights

സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ കൊവിഡ് പരിശോധന സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മൈക്രോ ഹെല്‍ത്ത് അധികൃതര്‍.

ദുബൈ: തിരുവനന്തപുരം വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാ ഫലം (Rapid covid test) സംബന്ധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി (ashraf thamarassery) ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മൈക്രോ ഹെല്‍ത്ത് (micro health)  എം.ഡിയും സിഇഒയുമായ ഡോ. സി.കെ നൗഷാദ്‌ പറഞ്ഞു. ഒപ്പം വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനാ നിരക്ക് (covid test rate) നിശ്ചയിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ച് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനാ ഫലം സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മൈക്രോ ഹെല്‍ത്ത് അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചത്. അഷ്റഫ് താമരശേരിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ആദ്യ തവണ പരിശോധിച്ചപ്പോള്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനാല്‍ രണ്ടാം തവണയും പരിശോധന നടത്തിയിരുന്നു. അതും പോസിറ്റീവായി. ശേഷം കൊച്ചി വഴി ഷാര്‍ജയില്‍ ഇങ്ങിയ ശേഷം നടത്തിയ പരിശോധനയിലും പോസിറ്റീവായിരുന്നു. ഒരു തവണ പോസിറ്റീവായാല്‍ നിശ്ചിത ദിവസത്തേക്ക് പിന്നീട് കൊവിഡ് പരിശോധന നടത്താന്‍ പാടില്ലെന്ന നിബന്ധന അദ്ദേഹം ലംഘിച്ചതായും കൊവിഡ് മാനദണ്ഡം പാലിക്കാതെ യാത്ര ചെയ്‍തതായും സി.കെ നൗഷാദ്‌ ആരോപിച്ചു.

വിമാനത്താവളത്തിലും പുറത്തും നടത്തുന്ന പരിശോധനകള്‍ വ്യത്യസ്‍തമാണ്. വിമാനത്താവളത്തിലെ പരിശോധനയില്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ഫലമാണ് ലഭിക്കുന്നത്. പിസിആര്‍ പരിശോധന എവിടെയും കുറ്റമറ്റതല്ല. സ്വാബ് എടുക്കുമ്പോള്‍ മൂക്കിലും വായിലും രോഗാണുക്കളില്ലെങ്കില്‍ നെഗറ്റീവ് ഫലം ലഭിക്കാം. മാത്രവുമല്ല റിപ്പോര്‍ട്ട് നല്‍കുന്ന തോതിലും വ്യത്യാസമുണ്ട്. വിമാനത്താവളത്തില്‍ തങ്ങള്‍ ഉപയോഗിക്കുന്ന യന്ത്രം വൈറസിന്റെ ചെറിയ സാന്നിദ്ധ്യം പോലും കണ്ടെത്താന്‍ ശേഷിയുള്ളതാണെന്നും ഒരിക്കല്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ ഒരു തവണ കൂടി പരിശോധിച്ച ശേഷമേ ഫലം നല്‍കാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിലെ പരിശോധനാ നിരക്ക് നിശ്ചിക്കുന്നത് തങ്ങളല്ല. ആദ്യം 3400 രൂപയായിരുന്നു നിരക്ക്. ടെസ്റ്റ് കിറ്റ് നല്‍കുന്ന കമ്പനിയുമായി ചര്‍ച്ച നടത്തിയാണ് ഇപ്പോള്‍ 2450 ആക്കിയത്. എയര്‍പോര്‍ട്ട് അതോരിറ്റി ചില ഇളവുകള്‍ നല്‍കിയതിനാല്‍ അതോരിറ്റിക്ക് കീഴിലുള്ള കോഴിക്കോട് വിമാനത്താവളത്തില്‍ നിരക്ക് കുറയ്‍ക്കുകയും ചെയ്‍തു. മറ്റ് വിമാനത്താവളങ്ങളില്‍ ഇതേ രീതിയില്‍ നിരക്ക് കുറയ്‍ക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ഒ.ഒ ദിനേശ് കുമാര്‍, ഡയറക്ടര്‍ വി.പി അഹമ്മദ്, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. ജിഷാ അശോകന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

click me!