
ദോഹ: ഖത്തറിൽ ചില ഇനം പക്ഷികളേയും വന്യമൃഗങ്ങളേയും കർശന നിയന്ത്രണങ്ങളോടെ വേട്ടയാടാൻ അനുവദിക്കുന്ന വേട്ടയാടൽ സീസണിന് തുടക്കമായി. ഈ വർഷത്തെ വേട്ടയാടൽ സീസൺ സെപ്റ്റംബർ ഒന്നിന് തുടങ്ങി ഫെബ്രുവരി 15ന് അവസാനിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. തണുപ്പുകാലമാകുന്നതോടെ മരുഭൂമിയിലെത്തുന്ന ദേശാടനപ്പക്ഷികളെയും വന്യജീവികളെയുമാണ് വേട്ടയാടാൻ അനുമതി നൽകുന്നത്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കർശന ഉപാധികളോടെയാണ് വേട്ട നടക്കുക.
അറബികളുടെ പ്രധാന വിനോദങ്ങളിലൊന്നുകൂടിയാണ് പക്ഷിവേട്ട. അധികൃതരുടെ അനുമതിയോടെ മരുഭൂമിയിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് നാടൻ ആയുധങ്ങളും ഉപകരണങ്ങളുമുപയോഗിച്ചാണ് വേട്ടയാടൽ. വേട്ടയാടാൻ അനുവദിക്കുന്ന പക്ഷി ഇനങ്ങളേതെന്നും വേട്ടയാടേണ്ട രീതികളെങ്ങെനെയെന്നും കർശനമായ നിർദേശങ്ങളുണ്ട്. ഇവ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ദേശാടന കിളികളെ ആകർഷിക്കുന്നതിനൊപ്പം, സംരക്ഷണവും നൽകുന്നതിന്റെ ഭാഗമായാണ് വേട്ടയാടുന്ന പക്ഷികളെ മന്ത്രാലയം തരംതിരിച്ചിരിക്കുന്നത്.
ഏഷ്യൻ ബസ്റ്റാഡ്, യുറേഷ്യൻ സ്റ്റോൺ-കർലൂ, (മല്ലാർഡ്)കാട്ടുതാറാവ്, ബ്ലൂ റോക്ക് ത്രഷ്, സോങ് ത്രഷ്, ക്രസ്റ്റഡ് ലാർക്ക്, ഡെസേർട്ട് വീറ്റിയർ, ഇസബെലിൻ വീറ്റിയർ, നോർത്തേൺ വീറ്റിയർ, യുറേഷ്യൻ ഗോൾഡൻ ഓറിയോൾ തുടങ്ങി വേട്ടക്ക് അനുമതിയുള്ള പക്ഷികളുടെ പട്ടിക അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
ഏഷ്യൻ ബസ്റ്റാഡ് എന്നറിയപ്പെടുന്ന ഹുബാറ പക്ഷികളെ ഫാൽക്കൺ പക്ഷികളെ ഉപയോഗിച്ച് മാത്രമേ വേട്ടയാടാവൂ. രാത്രികാലങ്ങളിൽ പക്ഷിവേട്ട അനുവദിക്കില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾ, പക്ഷിയുടെ ശബ്ദം പുറപ്പെടുവിക്കുന്ന ബേഡ് കോളർ എന്നിവ ഉപയോഗിച്ച് വേട്ട നടത്തരുത്. പക്ഷികളുടെ കൂടുകൾ, മുട്ടകൾ എന്നിവ നശിപ്പിക്കരുത്. വേട്ടയാടിയ പക്ഷികളെ വിൽക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നതിന് നിരോധനമുണ്ട്.
കാട്ടുമുയൽ, ഒട്ടകപ്പക്ഷി, മുള്ളൻപന്നി, ചെറുമാൻ, ഈജിപ്ഷ്യൻ ഫ്ര്യൂട്ട് ബാറ്റ് തുടങ്ങിയ ജീവികളെ വേട്ടയാടുന്നതിന് വിലക്കുണ്ട്. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ദ്വീപുകൾ, നഗരങ്ങൾ, ഗ്രാമങ്ങൾ, പൂന്തോട്ടങ്ങൾ, പൊതു പാർക്കുകൾ എന്നിവയുടെ പരിധിയിലും പൊതു റോഡുകളിൽ നിന്ന് കുറഞ്ഞത് 500 മീറ്റർ പരിധിയിലും സ്വകാര്യ സ്വത്തുക്കളിലും ഫാമുകളിലും അനുമതിയില്ലാതെയുള്ള എല്ലാവിധ വേട്ടയാടലുകളും നിരോധിച്ചിരിക്കുന്നു.
സംരക്ഷിത വിഭാഗങ്ങളിലെ മൃഗങ്ങളെയും പക്ഷികളെയും സുരക്ഷിതമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വ്യവസ്ഥകൾ ലംഘിക്കുന്നവർ ആരായാലും 2002-ലെ നിയമം നമ്പർ 4-ൽ അനുശാസിക്കുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ