വിദേശികള്‍ക്ക് വൈദ്യ പരിശോധനാ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിന് കുവൈത്തില്‍ ഫീസ് ഏർപ്പെടുത്തി

By Web TeamFirst Published Sep 26, 2019, 12:10 AM IST
Highlights

സിക്ക് ലീവ് അംഗീകരിക്കുന്നതിനായി രാജ്യത്തിനകത്തോ പുറത്തോ നിന്നുമുള്ള സ്വകാര്യ ആശുപത്രികളിലെ സർട്ടിഫിക്കറ്റ് സർക്കാർ ആശുപത്രിയിൽ നിന്ന് അറ്റസ്റ്റ് ചെയ്യാൻ 2 ദിനാർ ഫീസ് നൽകണം. 

കുവൈത്ത് സിറ്റി: വിദേശികളുടെ വൈദ്യ പരിശോധനാ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിന് കുവൈത്ത് സർക്കാർ ഫീസ്  ഏർപ്പെടുത്തി.മലയാളികളടക്കമുള്ള ഇന്ത്യക്കാരെയാണ് പുതിയ ഉത്തരവ് ഏറെ ബാധിക്കുക. കുവൈത്തിൽ വിദേശികൾക്ക് അനുവദിച്ചിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

സിക്ക് ലീവ് അംഗീകരിക്കുന്നതിനായി രാജ്യത്തിനകത്തോ പുറത്തോ നിന്നുമുള്ള സ്വകാര്യ ആശുപത്രികളിലെ സർട്ടിഫിക്കറ്റ് സർക്കാർ ആശുപത്രിയിൽ നിന്ന് അറ്റസ്റ്റ് ചെയ്യാൻ 2 ദിനാർ ഫീസ് നൽകണം. സർക്കാർ ജോലിക്കായുള്ള മെഡിക്കൽ ടെസ്റ്റിന് 20 ദിനാറും ഫീസ് ഈടാക്കും. അംഗവൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്ന് 5 ദിനാറും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്ന് 10 ദിനാറും ഫീസ് നൽകണം. 

ആരോഗ്യവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ പരസ്യത്തിന് അംഗീകാരം ലഭിക്കാൻ 3 മാസത്തേക്ക് 50 ദിനാർ ഫീസ് ഈടാക്കും. ഹെൽത്ത് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പരസ്യത്തിനുള്ള ലൈസൻസ് ഫീസ് 100 ദിനാർ ആക്കി.

സൈക്കോട്രോപ്പിക് മരുന്നുകളുടെ കയറ്റുമതി-ഇറക്കുമതി അനുമതിക്ക് 30 ദിനാർ ആണ് ഫീസ്. അത്തരം വസ്തുക്കളുടെ വ്യാപാര ലൈസൻസിന് ഫീസ് 100 ദിനാറാക്കി. 
മെഡിക്കൽ ഫെസിലിറ്റി തുറക്കുന്നതിനുള്ള പെർമിറ്റ് ഫീസ് 200 ദിനാർ ആക്കി പുതുക്കി നിശ്ചയിച്ചു.

click me!