
ഇസ്ലാമാബാദ്: സൗദി ജയിലുകളില്‍ കഴിയുന്ന 2,107 പാകിസ്ഥാനികളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്. ഇപ്പോള്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇത് സംബന്ധിച്ച ഉത്തരവിട്ടതായി പാകിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
സൗദിയിലെ പാകിസ്ഥാനികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ ഞായറാഴ്ച സൗദി കിരീടാവകാശിയെ ധരിപ്പിച്ചുവെന്നും ഇതനുസരിച്ചാണ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവുണ്ടായതെന്നുമാണ് പാകിസ്ഥാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുൽവാമ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് 2,000 കോടി ഡോളറിന്‍റെ നിക്ഷേപ സഹായവും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വാഗ്ദാനം ചെയ്തിരുന്നു.
പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയാണ് സൗദിയുടെ നടപടികള്‍. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് പുൽവാമ ആക്രണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തതോടെ അമേരിക്കയും റഷ്യയും ഇസ്രായേലും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാക്കിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു.
ഭീകര സംഘടനകൾക്കുള്ള സഹായം നിർത്തണമെന്ന് അമേരിക്ക രൂക്ഷമായ ഭാഷയിൽ തന്നെ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. ഉറ്റ സൗഹൃദ രാജ്യം എന്ന പദവി ഇന്ത്യയും എടുത്തു കളഞ്ഞു. ഇതേതുടർന്ന് ഒറ്റപ്പെട്ട പാക്കിസ്ഥാനാണ് അപ്രതീക്ഷിതമായി സൗദിയുടെ സഹായമെത്തിയത്.
പുൽവാമ ആക്രണത്തിന് പിന്നാലെ നേരത്തെ, പാക് സന്ദർശനത്തിൽ നിന്ന് സൽമാൻ രാജകുമാരൻ പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സന്ദർശനം ഒരു ദിവസം വൈകിക്കുകയും ചെയ്തു. ഇതേതുടർന്ന് ആശങ്കയിലായ പാകിസ്ഥാന് പുതുജീവൻ നൽകുന്നതാണ് സൗദിയുടെ സഹായ വാഗ്ദാനം. പാക് സന്ദർശനത്തിന് ശേഷം സൗദി കിരീടാവകാശി ദ്വിദിന സന്ദർശനത്തിനായി ചൊവ്വാഴ്ച ഇന്ത്യയിലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam