യുഎഇയില്‍ 5ജി സേവനങ്ങള്‍ അടുത്തമാസം മുതല്‍

By Web TeamFirst Published Feb 17, 2019, 4:24 PM IST
Highlights

5ജി സേവനം ആരംഭിക്കാന്‍ തയ്യാറാണെങ്കിലും 5ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍മാതാക്കള്‍ വിപണിയിലെത്തിക്കാത്തതുകൊണ്ടാണ് കാലതാമസം വരുന്നതെന്ന് എത്തിസാലാത്തും ഡുവും അറിയിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ 500 5ജി ടവറുകള്‍ സ്ഥാപിക്കാനാണ് എത്തിസാലാത്തിന്റെ പദ്ധതിയെന്ന് മൊബൈല്‍ നെറ്റ്‍വര്‍ക്ക്സ് വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി അറിയിച്ചു. 

അബുദാബി: മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങി എത്തിസാലാത്ത്, ഡു കമ്പനികള്‍. 5ജി നെറ്റ്‍വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ സേവനം നല്‍കിത്തുടങ്ങുമെന്നാണ് ഇരു കമ്പനികളും അറിയിച്ചിരിക്കുന്നത്.

5ജി സേവനം ആരംഭിക്കാന്‍ തയ്യാറാണെങ്കിലും 5ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍മാതാക്കള്‍ വിപണിയിലെത്തിക്കാത്തതുകൊണ്ടാണ് കാലതാമസം വരുന്നതെന്ന് എത്തിസാലാത്തും ഡുവും അറിയിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ 500 5ജി ടവറുകള്‍ സ്ഥാപിക്കാനാണ് എത്തിസാലാത്തിന്റെ പദ്ധതിയെന്ന് മൊബൈല്‍ നെറ്റ്‍വര്‍ക്ക്സ് വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി അറിയിച്ചു. ഈ വര്‍ഷം അവസനാത്തോടെ 600 ടവറുകള്‍ കൂടി സ്ഥാപിക്കും.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈലുകളിലും ഫിക്സഡ് വയര്‍ലെസ് ഉപകരണങ്ങളിലും ആദ്യ ഘട്ടത്തില്‍ 5ജി ലഭിക്കും. ഘട്ടംഘട്ടമായി രാജ്യം മുഴുവന്‍ സേവനം വ്യാപിപ്പിക്കും. അഞ്ച് ജിബിപിഎസ് വേഗതയാണ് എത്തിസാലാത്തിന്റെ 5ജി നെറ്റ്‍വര്‍ക്കില്‍ ലഭ്യമാവുക. അതിവേഗത്തിലുള്ള ആശയവിനിമയവും ഹൈ ഡെഫനിഷന്‍, 4കെ വീഡിയോ പ്ലേയിങ് സൗകര്യവും നെറ്റ്‍വര്‍ക്കില്‍ ലഭിക്കും. 5ജി വരുന്നതോടെ വീഡിയോ കാണുന്നതിനുള്ള ഡേറ്റാ ഉപയോഗം 11 മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.

click me!