
അബുദാബി: ഒരു വര്‍ഷത്തിനിപ്പുറം നഴ്‌സുമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ച് മോഹന്‍ലാല്‍ എത്തി. അബുദാബി വിപിഎസ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെത്തിയ മോഹന്‍ലാല്‍ നഴ്‌സുമാരെ നേരില്‍ കണ്ട് സംസാരിച്ചു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ യുഎഇയിലെ കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ഫോണ്‍ വിളിച്ചപ്പോഴാണ് ഇനി യുഎഇയിലെത്തുമ്പോള്‍ തങ്ങളെ കാണാന്‍ വരാമോ എന്ന് നഴ്‌സുമാര്‍ ചോദിച്ചത്. വരാമെന്ന് വാക്കുനല്‍കിയ മോഹന്‍ലാല്‍ ഇത്തവണ യുഎഇയിലെത്തിയപ്പോള്‍ അത് പാലിക്കുകയായിരുന്നു.
അബുദാബി വിപിഎസ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെത്തിയ മോഹന്‍ലാലിനെ ഭീമന്‍ പൂക്കളമൊരുക്കിയാണ് നഴ്‌സുമാര്‍ വരവേറ്റത്. ബുര്‍ജീലില്‍ ഒരുക്കിയ സ്വീകരണത്തില്‍ അദ്ദേഹം നഴ്‌സുമാരുമായി സംവദിച്ചു. മോഹന്‍ലാലിന്റെ ജന്മനാടായ പത്തനംതിട്ടയില്‍ നിന്നുള്ള സോണിയ ചാക്കോയോടായിരുന്നു അന്ന് മോഹന്‍ലാല്‍ ആദ്യം ഫോണില്‍ സംസാരിച്ചത്. ഇത്തവണ സോണിയ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ മോഹന്‍ലാലിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു.
യുഎഇയുമായി 40 വര്‍ഷത്തെ ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അഭിനന്ദിച്ച മോഹന്‍ലാല്‍ ഇങ്ങനെയൊരു കൂടിക്കാഴ്ച ഒരുക്കിയതിന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിന് നന്ദി പറഞ്ഞു. 300 കിലോ പൂക്കള്‍ കൊണ്ട് 300 ചതുരശ്രമീറ്ററില്‍ ഒരുക്കിയ പൂക്കളത്തില്‍ മോഹന്‍ലാലിന്റെ മുഖവും വരച്ചിരുന്നു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി സന്ദര്‍ശിച്ചതിന്‍റെ വീഡിയോ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam