Latest Videos

സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന ഡീസല്‍ വാങ്ങി വിദേശത്തേക്ക് കടത്ത്; കൃഷിത്തോട്ടത്തില്‍ സംഭരിച്ചു

By Web TeamFirst Published Nov 4, 2022, 7:50 PM IST
Highlights

കൃഷിയിടത്തില്‍ നടത്തിയ റെയ്ഡില്‍ ഏതാനും ഡീസല്‍ ടാങ്കറുകളും ടാങ്കറുകളില്‍ കൊണ്ടുവരുന്ന ഡീസല്‍ ശേഖരം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഏഴു ടാങ്കുകളും ടാങ്കുകളില്‍ സൂക്ഷിച്ച ഡീസല്‍ വീണ്ടും ലോറികളിലേക്ക് പമ്പ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മോട്ടോറുകളും കണ്ടെത്തി.

റിയാദ്: സര്‍ക്കാര്‍ സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന ഡീസല്‍ വന്‍തോതില്‍ വാങ്ങി സംഭരിച്ച് വിദേശത്തേക്ക് കടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ കൃഷിയിടം കേന്ദ്രീകരിച്ചാണ് ഡീസല്‍ സംഭരിച്ച് വിദേശത്തേക്ക് കടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി. ഡീസല്‍ നീക്കം ചെയ്യുന്ന ടാങ്കറുകളില്‍ ഒന്നിനെ ബന്ധപ്പെട്ട വകുപ്പുകള്‍ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷനില്‍ സാമ്പത്തിക കേസ് പ്രോസിക്യൂഷന്‍ മേധാവി മാഹിര്‍ ബിന്‍ റാജിഹ് പറഞ്ഞു. 

ശരിയായ പാതയില്‍ നിന്ന് വഴിമാറി സഞ്ചരിച്ച ഡീസല്‍ ടാങ്കര്‍ പ്രതികളില്‍ ഒരാളുടെ കൃഷിയിടത്തില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് കൃഷിയിടത്തില്‍ നടത്തിയ റെയ്ഡില്‍ ഏതാനും ഡീസല്‍ ടാങ്കറുകളും ടാങ്കറുകളില്‍ കൊണ്ടുവരുന്ന ഡീസല്‍ ശേഖരം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഏഴു ടാങ്കുകളും ടാങ്കുകളില്‍ സൂക്ഷിച്ച ഡീസല്‍ വീണ്ടും ലോറികളിലേക്ക് പമ്പ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മോട്ടോറുകളും കണ്ടെത്തി. ഡീസല്‍ സംഭരണത്തിന് ഉപയോഗിച്ചിരുന്ന മറ്റേതാനും കേന്ദ്രങ്ങളും പിന്നീട് കണ്ടെത്തി.

ഡീസല്‍ കടത്ത് സംഘത്തിലെ ഏതാനും അംഗങ്ങളെ സുരക്ഷാ വകുപ്പുകള്‍ കൈയോടെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്നവര്‍ നിയമ വിരുദ്ധ മാര്‍ഗങ്ങളില്‍ സൗദിയില്‍ നിന്ന് വിദേശങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ഒരു വ്യാപാര സ്ഥാപനത്തിനും കേസില്‍ പങ്കുണ്ട്. പ്രതികളില്‍ ചിലരെ കൈയോടെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്നവരെ ഇന്റര്‍പോള്‍ വഴി അറസ്റ്റ് ചെയ്ത് രാജ്യത്തെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും മാഹിര്‍ ബിന്‍ റാജിഹ് പറഞ്ഞു.

Read More - സൗദി അറേബ്യയില്‍ നിന്ന് ഡീസല്‍ കള്ളക്കടത്ത്; പ്രവാസികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് 65 വർഷം തടവ്

സര്‍ക്കാര്‍ സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന ഡീസല്‍ വന്‍തോതില്‍ വാങ്ങി വിദേശത്തേക്ക് കടത്തിയ കേസിലെ പ്രതികളെ കോടതി 65 വര്‍ഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൊതുമുതല്‍ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പതിനൊന്നു പ്രതികളും ഒരു വ്യാപാര സ്ഥാപനവും ചേര്‍ന്ന് സംഘടിത കുറ്റകൃത്യ സംഘം രൂപീകരിക്കുകയായിരുന്നു. സ്വന്തം ഉടമസ്ഥതയില്‍ പെട്രോള്‍ ബങ്കുകളുള്ളത് മുതലെടുത്ത് വന്‍തോതില്‍ ഡീസല്‍ വാങ്ങിയ പ്രതികള്‍ ഇവ, ഡീസല്‍ വിദേശത്തേക്ക് കടത്തി മറ്റു രാജ്യങ്ങളില്‍ വില്‍ക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമ വിരുദ്ധമായി വില്‍പന നടത്തുകയായിരുന്നു. പണം വെളുപ്പിക്കല്‍, വ്യാജ രേഖാ നിര്‍മാണം, ബിനാമി ബിസിനസ്, ബാങ്കിംഗ് കണ്‍ട്രോള്‍ നിയമം ലംഘിക്കല്‍ എന്നീ കുറ്റകൃത്യങ്ങളും പ്രതികള്‍ നടത്തിയതായി അന്വേഷണങ്ങളില്‍ തെളിഞ്ഞു.

Read More -  റോഡിലെ തര്‍ക്കത്തിനൊടുവില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു; യുഎഇയില്‍ കാര്‍ ഡ്രൈവര്‍ക്ക് ശിക്ഷ

കുറ്റകൃത്യങ്ങള്‍ക്ക് പ്രതികള്‍ ഉപയോഗിച്ച വസ്തുവകകളും ആസ്തികളും സംവിധാനങ്ങളും കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണവും കണ്ടുകെട്ടാനും വിധിയുണ്ട്. പ്രതികള്‍ക്ക് ആകെ 2.9 കോടിയിലേറെ റിയാല്‍ പിഴ ചുമത്തിയിട്ടുണ്ട്. പ്രതികളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെ സര്‍ക്കാര്‍ വകുപ്പുകളുമായി കരാറുകള്‍ ഒപ്പുവെക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. പ്രതികളുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ ബങ്കുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കാനും കോടതി ഉത്തരവിട്ടു. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്താനും വിധിയുണ്ട്.
 

click me!