പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ കപ്പലുകള്‍ സജ്ജം; മടക്കയാത്രയ്ക്ക് വേണ്ടത് മൂന്നര ദിവസം

By Web TeamFirst Published May 5, 2020, 10:08 AM IST
Highlights
  • വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകള്‍ പുറപ്പെട്ടു.
  • പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കൂടുതല്‍ കപ്പലുകള്‍ തയ്യാറാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

ദില്ലി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ദുബായിലേക്കും മാലിദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കും ദുബായിലേക്കും രണ്ട് കപ്പലുകള്‍ വീതമാണ് യാത്ര തിരിച്ചിരിക്കുന്നത്. ദുബായിലേക്കുള്ള കപ്പലുകള്‍ വ്യാഴാഴ്ച വൈകിട്ട് അവിടെ എത്തും.

എട്ടാം തീയതിയോടെ കപ്പലുകള്‍ മടങ്ങിയേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ദുബായില്‍ നിന്ന് കപ്പലുകള്‍ കൊച്ചിയിലേക്കാണ് എത്തുക. കപ്പലുകള്‍ പ്രവാസികളുമായി മടങ്ങി എത്തുന്നതിന് മൂന്നര ദിവസം വേണ്ടി വരും.  അതേസമയം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കൂടുതല്‍ കപ്പലുകള്‍ തയ്യാറാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇവ ആവശ്യത്തിന് അനുസരിച്ച് നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

പ്രവാസികളുമായി നാല് വിമാനങ്ങളാണ് വ്യാഴാഴ്ച കേരളത്തിലെത്തുക. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുന്നത്. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലെത്തും. ദുബായില്‍ നിന്നുള്ള വിമാനം കേഴിക്കോടേക്കാണ് ആദ്യ ദിവസം എത്തുക. ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാവും ഉണ്ടാവുക. 15 വിമാനങ്ങളാണ് ആദ്യ ആഴ്ച കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. ഒമ്പത് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആദ്യ ആഴ്ചയെത്തും. ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക.

അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്,‌ മസ്കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആദ്യ ആഴ്ച സംസ്ഥാനത്തെത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ എത്തുക. അടുത്ത ഒരാഴ്ചയിൽ 84 വിമാനങ്ങളാണ് പ്രവാസികളുടെ മടക്കയാത്രയ്ക്കായി ചാർട്ട് ചെയ്തിരിക്കുന്നത്.

പ്രവാസി മടക്കം മറ്റന്നാൾ മുതൽ: നാല് വിമാനങ്ങളിലായി ആദ്യ ദിനം കേരളത്തിൽ എത്തുക 800 പേർ

പ്രവാസികളുടെ മടക്കം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇ ഓഫീസുകള്‍ തുറക്കുന്നു

click me!