
റിയാദ്: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍ (ബഖാലകൾ) ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട സ്വദേശിവത്കരണം പൂര്‍ണ്ണമായി നടപ്പിലായാല്‍ ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് അനുമാനം. ബിനാമി ബിസിനസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖുസൈബി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുക വഴി മുപ്പത്തയ്യായിരത്തോളം സ്വദേശികള്‍ക്ക് ഉടന്‍ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. മാജിദ് അല്‍ഖുസൈബി പറഞ്ഞു. ഘട്ടംഘട്ടമായി ഇത് വര്‍ദ്ധിപ്പിക്കാനാണ് ശ്രമം. സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനൊപ്പം ഇത്തരം സ്ഥാപനങ്ങളുടെ പണമിടപാടുകൾ നിരീക്ഷിക്കാനും തീരുമാനമുണ്ട്. ബഖാലകൾ നടത്തുന്നവർ വഴി രാജ്യത്തിന് പുറത്തേക്കു വൻതോതിൽ പണം പോകുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 600 കോടി റിയാല്‍ ഇങ്ങനെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുവെന്നാണ് കണക്ക്. ഇത് തടയാനാണ് ശ്രമം.
ഓരോ സ്ഥാപനത്തിലെയും സാമ്പത്തിക ഇടപാടുകൾ പൂർണമായും നിരീക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകൾ തുറക്കണമെന്നുള്ള നിബന്ധന ഉടൻ നടപ്പിലാക്കും. സ്വദേശികളുടെ പേരില്‍ വിദേശികള്‍ക്ക് ബിസിനസ് ചെയ്യാന്‍ നിലവിൽ നിയമം അനുവദിക്കുന്നില്ല. എന്നാൽ, ഇത്തരത്തില്‍ ബിനാമി ബിസിനസ് നടത്തി വന്ന 1,704 സ്ഥാപനങ്ങള്‍ക്കെതിര അധികൃതർ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വദേശിവത്കരണ ചട്ടങ്ങള്‍ ലംഘിച്ച് വിദേശികളെ ജോലിക്ക് വെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇങ്ങനെ നിയമിക്കുന്ന ഓരോ ആളിനും 20,000 റിയാല്‍ വീതം പിഴ ഈടാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam