യുഎഇയിലെ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതല്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Dec 31, 2018, 2:32 PM IST
Highlights

ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് രണ്ട് തവണ ദീര്‍ഘിപ്പിക്കുകയായിരുന്നു. പൊതുമാപ്പ് പൂര്‍ത്തിയാവുന്നതോടെ നാളെ മുതല്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഡിസംബര്‍ 31ന് ശേഷം പിടിക്കപ്പെടുന്ന അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് രണ്ട് തവണ ദീര്‍ഘിപ്പിക്കുകയായിരുന്നു. പൊതുമാപ്പ് പൂര്‍ത്തിയാവുന്നതോടെ നാളെ മുതല്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കടുത്ത പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. നിരവധിപ്പേര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വിവിധ രാജ്യങ്ങളുടെ എംബസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ യു.എ.ഇ ഭരണകൂടം കാലാവധി നീട്ടി നല്‍കിയത്.  പുതിയ തൊഴില്‍ ലഭിച്ചവര്‍ക്ക് താമസം നിയമവിധേയമാക്കാനും  ജോലിയില്ലാതെ നില്‍ക്കുന്നവര്‍ക്ക് മറ്റ് ശിക്ഷകളൊന്നും അനുഭവിക്കാതെ രാജ്യം വിടാനുമുള്ള അവസരമാണ് ഉണ്ടായിരുന്നത്.

യുഎഇയില്‍ തന്നെ തുടര്‍ന്ന് ജോലി അന്വേഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ക്ക് അതിനായി ആറ് മാസത്തെ കാലാവധിയുള്ള താല്‍ക്കാലിക വിസ അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിസ കാലാവധി പൂര്‍ത്തിയാവുന്നത് വരെ രാജ്യത്ത് തുടരാം. ഇതിനിടയില്‍ ജോലി ലഭിച്ചാല്‍ തൊഴില്‍ വിസയിലേക്ക് മാറണം. ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. പിന്നീട് പുതിയ വിസിറ്റിങ് വിസയില്‍ മടങ്ങിവന്ന് മാത്രമേ ജോലി അന്വേഷിക്കാന്‍ സാധിക്കൂ. 

click me!