അവധി കഴിഞ്ഞ് വരുമ്പോള്‍ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്‍കരിച്ചു

By Web TeamFirst Published Nov 11, 2022, 7:13 PM IST
Highlights

അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ ഒക്ടോബർ 26ന് രാത്രി 10ന് റിയാദ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തേക്ക് വരുമ്പോൾ തലച്ചുറ്റൽ ഉണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.

റിയാദ്: നാട്ടിൽ നിന്ന് അവധികഴിഞ്ഞ് തിരിച്ചു വരുമ്പോൾ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. അസംഖഢ് സ്വദേശി റിയാസുദ്ദീൻ ഹകീമുദ്ദീന്റെ (57) മൃതദേഹം മലയാളി സാമൂഹികപ്രവർത്തകന്റെ ശ്രമഫലമായാണ് റിയാദിൽ ഖബറടക്കിയത്. 

20 വർഷമായി റിയാദിലെ ഒരു രാജകുടുംബാംഗത്തിന്റെ ഓഫീസ് ബോയ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു റിയാസുദ്ദീൻ. അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ ഒക്ടോബർ 26ന് രാത്രി 10ന് റിയാദ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തേക്ക് വരുമ്പോൾ തലച്ചുറ്റൽ ഉണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ എയർപോർട്ട് ആംബുലൻസിൽ അടുത്തുള്ള നൂറ യൂനിവേഴ്സിറ്റിയിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ എത്തിച്ച് പരിശോധിച്ചപ്പോൾ വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിച്ചു. 

പ്രാഥമിക ശുശ്രൂഷ നൽകികൊണ്ടിരിക്കെ വീണ്ടും രണ്ടുതവണ കൂടി ഹൃദയാഘാതമുണ്ടായി. ഉടൻ അന്ത്യം സംഭവിച്ചു. മൃതദേഹം അതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുനനു. അവിടെനിന്ന് അറിയിച്ച പ്രകാരമാണ് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് വിഷയത്തിൽ ഇടപെടുന്നത്. റിയാദിൽ ഖബറടക്കാനുള്ള അനുമതിപത്രം നാട്ടിൽനിന്ന് എത്തിച്ചു. അയൽവാസിയും റിയാദില്‍ പ്രവാസിയുമായ മുഹമ്മദ് ആബിദ് അബ്ദുൽ അലിയുടെ പേരിലാണ് കുടുംബം അനുമതിപത്രം അയച്ചത്. തുടർന്ന് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം റിയാദിൽ ഖബറടക്കി. 

തൊഴിലുടമയായ രാജകുടുംബാംഗത്തിന്റെ മകൻ മരണാനന്തര ചടങ്ങിൽ ഉടനീളം പങ്കെടുത്തു. ശിഹാബിനൊപ്പം നടപടികൾ പൂർത്തീകരിക്കാൻ മരിച്ച റിയാസുദ്ദീന്റെ നാട്ടുകാരൻ നസീം അഹമ്മദും ഒപ്പമുണ്ടായിരുന്നു. റിയാസിന് ഏഴ് മക്കളുണ്ട്. സൈഫുനിസയാണ് ഭാര്യ.

Read also: കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം; സൗദിയില്‍ അഞ്ച് യുവാക്കള്‍ മരിച്ചു

click me!