നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

By Web TeamFirst Published Jan 9, 2021, 3:32 PM IST
Highlights

റിയാദിലേക്കുള്ള ബസില്‍ യാത്ര ചെയ്യവേ സുലയിലെത്തി നിര്‍ത്തിയപ്പോള്‍ വെള്ളം കുടിക്കാന്‍ പുറത്തിറങ്ങിയതാണ്. വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു.

റിയാദ്: നാട്ടില്‍ പോകാന്‍ റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതമുണ്ടായി കഴിഞ്ഞ ഡിസംബര്‍ 18ന് മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേല്‍ വീട്ടില്‍ പ്രദീപിന്റെ (41) മൃതദേഹം നാട്ടില്‍ കൊണ്ടുപോയി. റിയാദില്‍ നിന്ന് 560 കിലോമീറ്ററകലെ സുലയില്‍ വെച്ച് മരിച്ച പ്രദീപിന്റെ മൃതദേഹം സുലയില്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ആംബുലന്‍സില്‍ റിയാദിലെത്തിച്ച ശേഷം കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി.

അവിടെ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. ദക്ഷിണ സൗദിയിലെ നജ്റാനില്‍ നിന്ന് റിയാദിലേക്ക് വരവേയാണ് സുലയില്‍ എത്തിയപ്പോള്‍ ഹൃദയസ്തംഭനമുണ്ടായത്. റിയാദിലേക്കുള്ള ബസില്‍ യാത്ര ചെയ്യവേ സുലയിലെത്തി നിര്‍ത്തിയപ്പോള്‍ വെള്ളം കുടിക്കാന്‍ പുറത്തിറങ്ങിയതാണ്. വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ഉടന്‍ മരണവും സംഭവിച്ചു. നജ്‌റാനില്‍ ഡ്രൈവറായിരുന്ന പ്രദീപ്. നാട്ടില്‍ പോയി വന്നിട്ട് നാലുവര്‍ഷമായി. അവധിക്ക് പോകാന്‍ വേണ്ടി റിയാദിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു മരണം സംഭവിച്ചത്.

പിതാവ്: പരേതനായ വിലാസന്‍, മാതാവ്: ഓമന, ഭാര്യ: രമ്യ, മകള്‍: ആദിത്യ, മകന്‍: അര്‍ജുന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ സുലയിലെ സാമൂഹിക പ്രവര്‍ത്തകരായ സിദീഖ് കൊപ്പം, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ഫൈസല്‍ എടയൂര്‍ എന്നിവരുടെ നിരന്തര പരിശ്രമം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.

click me!