ദുബായ് പൊലീസും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 1.4 കോടിയിലധികം കാപ്റ്റഗൺ ഗുളികകൾ പിടികൂടി. ചോളച്ചാക്കുകളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തു.  

ദുബായ്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും. സംയുക്ത ഓപ്പറേഷനിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 1.4 കോടിയിലധികം 'കാപ്റ്റഗൺ' ഗുളികകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തു. 

ചോളത്തിനിടയിൽ ലഹരി ഗുളിക

ചോളത്തിന്‍റെ സഞ്ചിയിൽ വിദഗ്ധമായ രീതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. അഞ്ച് കണ്ടെയ്നറുകളിലായി എത്തിയ ചോളസഞ്ചികൾക്കുള്ളിലായിരുന്നു ദശലക്ഷക്കണക്കിന് ഗുളികകൾ ഒളിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ചോളത്തിനിടയിൽ ഗുളികകൾ ഒളിപ്പിക്കുക എന്ന തന്ത്രമാണ് ക്രിമിനൽ സംഘം നടത്തിയത്.

കുവൈത്തിലെ അധികൃതരിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദുബായ് പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഒരു അറബ് രാജ്യത്തെ തുറമുഖം വഴിയെത്തിയ ഈ ചരക്ക് നീക്കം പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് അടങ്ങിയ ചാക്കുകൾ ഇറക്കി സംഭരണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം കൈയോടെ പിടികൂടിയത്.

ഓപ്പറേഷനിലൂടെ 2 ടണ്ണും 250 കിലോഗ്രാമും ഭാരമുള്ള കാപ്റ്റഗൺ ഗുളികകളാണ് കണ്ടെടുത്തത്. കൃത്യമായി പറഞ്ഞാൽ 1,40,62,500 ഗുളികകൾ. സംഘടിത മയക്കുമരുന്ന് കടത്ത് ശൃംഖലകളെ തകർക്കുന്നതിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഈ വലിയ വിജയത്തിൽ ദുബായ് പൊലീസിലെയും കുവൈത്തിലെയും ഉദ്യോഗസ്ഥരെ നാഷണൽ ആന്റി നർക്കോട്ടിക്സ് ബ്യൂറോ ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ അഭിനന്ദിച്ചു. ഉദ്യോഗസ്ഥരുടെ ജാഗ്രതയും പ്രൊഫഷണലിസവുമാണ് ഇത്രയും വലിയൊരു ക്രിമിനൽ ശൃംഖലയെ തകർക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.