യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

By Web TeamFirst Published Jul 7, 2021, 8:16 PM IST
Highlights

നൈജീരിയക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍പ്പെട്ട വിഷ്ണു, കെട്ടിടത്തില്‍ നിന്ന് വീണ് മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ചോളം ആഫ്രിക്കന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഷാര്‍ജ: ഷാര്‍ജയില്‍ ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ വഴക്കിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഇടുക്കി നെടുങ്കണ്ടം തെക്കേകൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മകന്‍ ടി.വി വിഷ്‍ണു (29)വിന്‍റെ മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. ബുധനാഴ്ച രാത്രി 12.40ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. 

നെടുമ്പാശ്ശേരിയില്‍ രാവിലെ 6.20ന് എത്തും. മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് വീട്ടിലെത്തിച്ച് സംസ്‌കരിക്കും. ജൂണ്‍ 15നാണ് വിഷ്ണു മരിച്ചത്. ഷാര്‍ജയിലെ അബൂഷഗാറയില്‍ നൈജീരിയക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍പ്പെട്ട വിഷ്ണു, കെട്ടിടത്തില്‍ നിന്ന് വീണ് മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ചോളം ആഫ്രിക്കന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാര്‍ജയില്‍ ഒരു സലൂണിലെ ജീവനക്കാരനായിരുന്ന വിഷ്ണു ജോലിക്ക് പോകാതിരുന്ന ഓഫ് ദിവസമാണ് സംഭവം നടന്നത്. 

ഇത്തവണ നാട്ടില്‍ എത്തുമ്പോള്‍ വീട് നിര്‍മ്മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വിഷ്ണു. നിലവില്‍ ഒരു മുറിയും അടുക്കളയും മാത്രമുള്ള ചെറിയ വീട്ടിലാണ് വിഷ്ണുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും കഴിയുന്നത്. നിലവിലെ വീടിന്റെ മുന്‍ ഭാഗത്ത് ചേര്‍ന്ന് തറ ഒരുക്കിയിട്ടുണ്ട്. ഇവിടെ മുറികള്‍ നിര്‍മ്മിയ്ക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഒപ്പം വിവാഹ ആലോചനകള്‍ നടത്തണമെന്ന് മാതാപിതാക്കളും പറഞ്ഞിരുന്നു. മകന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി കുടുംബത്തെ തേടി മരണവാര്‍ത്ത എത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!