സൗദിയില്‍ ബസപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

By Web TeamFirst Published Mar 16, 2021, 4:27 PM IST
Highlights

ഫെബ്രുവരി മൂന്നിനാണ് ഇവര്‍ റിയാദില്‍ എത്തിയിരുന്നത്. അവിടെ നിന്നും ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രികളില്‍ ജോലിക്ക് പ്രവേശിക്കാന്‍ വരുന്നതിനിടയിലായിരുന്നു അപകടം.

റിയാദ്: സൗദി അറേബ്യയില്‍ തായിഫിന് സമീപം ഫെബ്രുവരി 28ന് മിനി ബസ് കൊക്കയില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരായ അഖിലയുടെയും സുബിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അദാല്‍ കമ്പനിക്ക് കീഴില്‍ നഴ്‌സുമാരായിരുന്ന ഇവര്‍ റിയാദ് അല്‍ ഖര്‍ജില്‍ നിന്നും ജിദ്ദയിലേക്ക് വരുന്നതിനിടെ തായിഫില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ അല്‍മോയ എന്ന സ്ഥലത്തു കൊക്കയിലേക്ക് ബസ് മറിയുകയായിരുന്നു.

അപകടത്തില്‍ മരിച്ച കൊല്ലം ആയൂര്‍ സ്വദേശിനി സുബി ഗീവര്‍ഗീസ് ബേബി (33), കോട്ടയം വൈക്കം വെച്ചൂര്‍ സ്വദേശിനി അഖില മുരളി (29) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ 1.40 ന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ അബൂദാബി വഴി കൊച്ചിയിലേക്ക് കൊണ്ട് പോയി. ബുധനാഴ്ച പുലര്‍ച്ചെ 1.20 ന് കൊച്ചിയിലെത്തുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശങ്ങളിലെത്തിച്ചു സംസ്‌ക്കരിക്കും. അപകടത്തില്‍ മരിച്ച ബസ് ഡ്രൈവര്‍ ബീഹാര്‍ സ്വദേശി മുഹമ്മദ് ഖാദിര്‍ അഖീലിന്റെ മൃതദേഹം നേരത്തെ അല്‍മോയ മഖ്ബറയില്‍ ഖബറടക്കിയിരുന്നു. ഫെബ്രുവരി മൂന്നിനാണ് ഇവര്‍ റിയാദില്‍ എത്തിയിരുന്നത്. അവിടെ നിന്നും ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രികളില്‍ ജോലിക്ക് പ്രവേശിക്കാന്‍ വരുന്നതിനിടയിലായിരുന്നു അപകടം.

ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്സുമാരില്‍ പത്തനംതിട്ട അര്‍ത്തുങ്കല്‍ സ്വദേശിനി ആന്‍സി ജിജി ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയിലും തമിഴ്‌നാട് സ്വദേശിനികളായ കുമുദ അറുമുഖം, റോമിയാ കുമാര്‍ എന്നിവര്‍ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും ചികിത്സയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ ആന്‍സി ജിജിക്ക് വേണ്ട വിദഗ്ദ്ധ ചികിത്സക്ക് കമ്പനി രംഗത്തുണ്ട്. നിസാര പരിക്കേറ്റ കൊല്ലം പുനലൂര്‍ സ്വദേശിനി പ്രിയങ്ക, തമിഴ്‌നാട് സ്വദേശിനി വജിത റിയാസ് എന്നിവര്‍ നേരത്തെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടിരുന്നു.

click me!