
റിയാദ്: സൗദി അറേബ്യയില്‍ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം കടക്കൽ സ്വദേശി ബാഹുലേയൻ സുകുമാരന്റെ (59) മൃതദേഹമാണ് സൗദി അറേബ്യയിലെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ച് സംസ്കരിച്ചത്. 28 വർഷമായി റിയാദിലെ ന്യൂ സനാഇയ്യയിൽ അബൂഹൈദ് ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാഹുലേയൻ സുകുമാരന്‍.
ബാഹുലേയനെ ഫോണില്‍ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോള്‍ കൂട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ഓടിക്കുന്ന വാഹനത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ദൂരയാത്രയ്ക്ക് ശേഷം വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ബാഹുലേയൻ ഹൃദയാഘാതം മൂലം മരണപ്പെട്ടതായാണ് കരുതപ്പെടുന്നത്. ആഗസ്റ്റ് അഞ്ചിന് മരണപ്പെട്ട ബാഹുലേയന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ കമ്പനിയുടെ ഭാഗത്തു നിന്നുമുണ്ടായ നിസ്സഹകരണത്തെ തുടർന്ന് ബന്ധുക്കൾ വിഷയം മുഖ്യമന്ത്രി മുഖാന്തരം നോർക്കയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
നോർക്ക ആവശ്യപ്പെട്ടതു പ്രകാരം, കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരും ബാഹുലേയന്റെ ബന്ധുവായ പ്രജു, നാട്ടുകാരനായ ഷാഫി എന്നിവരും ചേർന്ന് ഇന്ത്യൻ എംബസിയെ സമീപിച്ച് സമ്മർദ്ദം ചെലുത്തിയതിനു ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനി തയ്യാറായത്. ശമ്പള കുടിശികയല്ലാതെ 28 വർഷം ജോലിചെയ്തതിന്റെ മറ്റ് ആനുകൂല്യങ്ങൾ ബാഹുലേയന് നൽകാൻ അദ്ദേഹത്തിന്റെ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകാൻ തയ്യാറായി നിൽക്കുമ്പോഴായിരുന്നു ബാഹുലേയന്റെ മരണം സംഭവിച്ചത്. ഭാര്യ - മിഷ, മക്കൾ - അക്ഷിത, അഷ്ടമി.
Read also: യുഎഇയിലെ പുതിയ വിസകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam