പ്രവാസി സാമൂഹിക പ്രവർത്തകൻ സനു മഠത്തിലിന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‍കരിച്ചു

Published : May 05, 2023, 07:26 PM IST
പ്രവാസി സാമൂഹിക പ്രവർത്തകൻ സനു മഠത്തിലിന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‍കരിച്ചു

Synopsis

സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന സനു മഠത്തിൽ, നാട്ടിൽ സി.പി.ഐയുടെ സജീവ പ്രവർത്തകനായിരുന്നു. 

റിയാദ്: സൗദി അറേബ്യയിലെ ദമാമിൽ മരിച്ച സാമൂഹ്യ പ്രവർത്തകൻ സനു മഠത്തിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 16 വർഷത്തോളമായി ദമാമിൽ പ്രവാസിയായ സനു മഠത്തിൽ ഏപ്രിൽ 22 നാണ് ദമാം കൊദറിയയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. നവയുഗം സാംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും ദല്ല മേഖലാ പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു സനു മഠത്തിൽ. 

നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിലാണ് നവയുഗം ജീവകാരുണ്യ വിഭാഗം നിയമ നടപടികൾ പൂർത്തിയാക്കിയത്. സൗദിയിൽ ഒരാഴ്ച നീണ്ട പെരുന്നാൾ അവധിയായതിനാൽ സർക്കാർ ഓഫീസുകൾ അടച്ചിട്ടിരുന്നതാണ് നിയമ നടപടികൾ നീണ്ടു പോകാൻ ഇടയായത്. 

സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന സനു മഠത്തിൽ, നാട്ടിൽ സി.പി.ഐയുടെ സജീവ പ്രവർത്തകനായിരുന്നു. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളിൽ നിന്നും, തൊഴിൽ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ സഹായിക്കുകയും, നിതാഖാത്ത് കാലത്തും കോവിഡ് രോഗബാധയുടെ കാലത്തുമൊക്കെ മറ്റുള്ളവരെ സഹായിക്കാൻ സജീവമായി സാമൂഹിക സേവനം നടത്തുകയും ചെയ്ത സനുവിന്റെ അപ്രതീക്ഷിത വിടവാങ്ങൽ, ദമാമിലെ മലയാളി പ്രവാസ ലോകത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

മെയ് നാലാം തീയതി വ്യാഴാഴ്ച രാത്രി ദമാമിൽ നിന്ന് ശ്രീലങ്കൻ എയർവേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം എയർപോട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും ഏറ്റുവാങ്ങി. ജന്മനാടായ കൊല്ലം കടയ്ക്കൽ അയിരക്കുഴിയിൽ വെള്ളിയാഴ്ച വൈകുന്നേരം  സംസ്‌കരിച്ചു. അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും, രാധാമണി അമ്മയുടെയും മകനാണ് സനു. മിനിയാണ് സനുവിന്റെ ഭാര്യ. പ്ലസ് ടു വിദ്യാർഥിയായ മൃദുൽ മകനാണ്.സനു മഠത്തിനോടുള്ള ആദര സൂചകമായി നവയുഗം സംഘടിപ്പിയ്ക്കുന്ന അനുശോചന യോഗം, മെയ് ആറാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴു മണിയ്ക്ക് ദമാം ബദർ അൽറാബി ഹാളിൽ ചേരുമെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Read also: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം