ലോകത്തിലെ വിലയേറിയ സുഗന്ധദ്രവ്യം ഇതാ; ഇന്ത്യക്കും അഭിമാനിക്കാം

By Web TeamFirst Published Mar 17, 2019, 11:57 PM IST
Highlights

അജ്‌മാൻ ആസ്ഥാനമായ നബീൽ പെർഫ്യൂംസ് ആണ് ലോകത്തിലെ വിലയേറിയ സുഗന്ധ ദ്രവ്യം ദുബായില്‍ പുറത്തിറക്കിയത്.

ദുബായ്: ലോകത്തിലെ വിലയേറിയ സുഗന്ധ ദ്രവ്യം ദുബായില്‍ പുറത്തിറക്കി. 47.52 ലക്ഷം ദിർഹം വിലയുള്ള ശുമുഖ് ഇന്ത്യയില്‍ നിന്നെത്തിച്ച ഊദുകൊണ്ടാണ് നിര്‍മ്മിച്ചത്. സുഗന്ധ ദ്രവ്യങ്ങള്‍ പലതരം എല്ലാവരും കണ്ടിട്ടുണ്ടാകും. പക്ഷെ എട്ടരക്കോടിരൂപയുടെ ശുമുഖ് അതില്‍ വേറിട്ട് നില്‍ക്കും.

ശുമുഖ് എന്ന പേരിലുള്ള പെര്‍ഫ്യൂം കുപ്പി 38.55 കാരറ്റ് വരുന്ന 3,571 രത്നങ്ങൾ ,2479 ഗ്രാം 18 കാരറ്റ് സ്വർണം ,മുത്തുകൾ എന്നിവ കൊണ്ടാണ് ആവരണം ചെയ്തിരിക്കുന്നത്. അജ്‌മാൻ ആസ്ഥാനമായ നബീൽ പെർഫ്യൂംസ് ആണ് ലോകത്തിലെ വിലയേറിയ സുഗന്ധ ദ്രവ്യം ദുബായില്‍ പുറത്തിറക്കിയത്.

ഇന്ത്യയിൽ നിന്ന് കൊണ്ടു വന്ന അതിവിശിഷ്ടമായ ഊദ് കൊണ്ടാണ് ശുമുഖ്‌ തയ്യാറാക്കിയതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഒന്നര മീറ്ററോളം ഉയരം വരുന്ന സറ്റാന്‍റിലാണ് സെന്‍റ് കുപ്പി ഘടിപ്പിച്ചിരിക്കുന്നത്. റിമോര്‍ട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കുപ്പിക്ക് മുന്നില്‍ നിന്നാല്‍ കറങ്ങി തിരിഞ്ഞ് വന്ന് സ്പ്രേ ചെയ്തോളും.

സുഗന്ധം പൂശുന്നയാളുടെ വലിപ്പത്തിനനുസരിച്ച് ഉയര്‍ന്നും താഴ്ന്നും പ്രവര്‍ത്തിക്കുന്ന വിധമാണ് നിര്‍മാണം. തുടർച്ചയായി 12 മണിക്കൂർ സുഗന്ധം ഒരേ നിലയിൽ പ്രസരിപ്പിക്കാൻ ശുമുഖിന് കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

കൂടുതൽ രത്നങ്ങൾ പതിച്ചതിനും ഏറ്റവും ഉയരത്തിൽ റിമോര്‍ട്ട് കൺട്രോൾ ആവരണം ഉണ്ടാക്കിയതിനും രണ്ടു ഗിന്നസ് റിക്കോഡുകൾ ഇതിനകം നബീലിനെ തേടിയെത്തി. ദുബായ് മാളില്‍ പുറത്തിറക്കിയ വിലയേറിയ സുഗന്ധ ദ്രവ്യം വരും നാളുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കും. 
 

click me!