27 വര്‍ഷം കോമയില്‍; എഴുന്നേല്‍ക്കില്ലെന്ന് ഡോക്ടര്‍മാരും വിധിയെഴുതി, ഒടുവില്‍ അവള്‍ നടന്നു, സംസാരിച്ചു

By Web TeamFirst Published Apr 24, 2019, 4:43 PM IST
Highlights

32ാം വയസിലാണ് മുനീറയെ തേടി വിധിയുടെ രൂപത്തില്‍ അപകടമെത്തിയത്. ഭര്‍ത്താവിനൊപ്പം മകനെ സ്കൂളില്‍ നിന്ന് കൊണ്ടുവരുന്ന വഴിക്കായിരുന്നു അപകടം. 

ദുബായ്: 32ാം വയസിലാണ് മുനീറയെ തേടി വിധിയുടെ രൂപത്തില്‍ അപകടമെത്തിയത്. ഭര്‍ത്താവിനൊപ്പം മകനെ സ്കൂളില്‍ നിന്ന് കൊണ്ടുവരുന്ന വഴിക്കായിരുന്നു അപകടം. മരണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് മുനീറ അന്ന് രക്ഷപ്പെട്ടത്. എന്നാല്‍ ചലനമില്ലാതെ കോമാവസ്ഥയിലേക്ക് അവള്‍ വഴുതി വീണു. ഇനിയൊരു ജീവിതം മുനീറക്കില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെയെല്ലാം വിധിയെഴുത്ത്. എന്നാല്‍ എല്ലാ വിധിയെഴുത്തുകള്‍ക്കും അപ്പുറമാണ് സത്യമെന്ന് തെളിയിച്ച് അവള്‍ 27 വര്‍ഷങ്ങള്‍ക്കിപ്പുറം എഴുന്നേറ്റ് നടന്നു, സംസാരിച്ചു. 27 വര്‍ഷങ്ങള്‍ ദുബായിലെ വിവിധ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു അവള്‍.

ഡോക്ടര്‍മാരെല്ലാം പ്രതീക്ഷ കൈവിട്ടപ്പോഴും മുനീറയെ തിരികെയെത്തിക്കാന്‍ ഭര്‍ത്താവ് അബ്ദുല്ലയും മകന്‍ ഒമറും പരിശ്രമിക്കുകയായിരുന്നു. അമ്മയ്ക്ക് ഒരിക്കലും പഴയതുപോലെ ആകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അമ്മ എന്‍റെയടുത്ത് കരുത്തോടെ തിരിച്ചുവരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു മകന്‍ പറഞ്ഞു. ഇതേ വാക്കുകളായിരുന്നു അബ്ദുല്ലയുടെയും.

വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കൊപ്പം ഫിസിയോ തെറാപ്പിയും മുനീറയുടെ തിരിച്ചുവരവിന് കാരണമായി. എല്ലാത്തിനും കഴിഞ്ഞ 27 വര്‍ഷവും മകനും ഭര്‍ത്താവും കൂട്ടായി. അമ്മ ഇപ്പോള്‍ നടക്കുക മാത്രമല്ല സംസാരിക്കുകയും ചെയ്യുന്നുണ്ട്- ഒമര്‍ പറയുന്നു. അന്നത്തെ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന അബ്ദുല്ലയ്ക്കും മകനും പരിക്കേറ്റിരുന്നു. അന്ന് നാല് വയസുകാരനായിരുന്ന ഒമറിനെ നെഞ്ചോട് ചേര്‍ന്ന് പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു മുനീറ.  അവള്‍ക്കിത് പുതുജന്മമാണെന്നും എല്ലാം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അബ്ദുല്ല പറയുന്നു.

click me!