Latest Videos

യുഎഇയില്‍ 'പോസിബിലിറ്റീസ് മന്ത്രാലയം' രൂപീകരിച്ചു; ലോകത്തിലെ ആദ്യ വെര്‍ച്വല്‍ മന്ത്രാലയം

By Web TeamFirst Published Apr 24, 2019, 4:35 PM IST
Highlights

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ മന്ത്രാലയത്തിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.  ദേശീയ പ്രാധാന്യമുള്ള ഒരുകൂട്ടം പരിപാടികളാണ് ആദ്യഘട്ടത്തില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. 

അബുദാബി: ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് നൂതന രീതികളിലുള്ള മാര്‍ഗങ്ങളും പരിഹാരങ്ങളും ലഭ്യമാക്കാനുദ്ദേശിച്ച്  യുഎഇ പോസിബിലിറ്റീസ് മന്ത്രാലയം രൂപീകരിച്ചു. ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലൊരു വെര്‍ച്വല്‍ മന്ത്രാലത്തിന് രൂപം നല്‍കുന്നത്.  മന്ത്രാലയത്തിനായി പ്രത്യേകിച്ച് ഒരു മന്ത്രിയെയും ചുമതലപ്പെടുത്തിയിട്ടില്ല. മറിച്ച് മന്ത്രിസഭയ്ക്ക് മൊത്തത്തിലായിരിക്കും ഇതിന്റെ ചുമതല.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ മന്ത്രാലയത്തിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.  ദേശീയ പ്രാധാന്യമുള്ള ഒരുകൂട്ടം പരിപാടികളാണ് ആദ്യഘട്ടത്തില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിന് കീഴില്‍ നാല് വകുപ്പുകളും രൂപീകരിച്ചു. പുതുതലമുറയിലേക്കുള്ള സര്‍ക്കാര്‍ നടപടികളും തീരുമാനങ്ങളും മുന്‍ഗണനകള്‍ നിശ്ചയിക്കലുമാണ് പോസിബിലിറ്റീസ് മന്ത്രാലയത്തിന്റെ പ്രധാന ചുമതല. ഭാവിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളും പരിഹാരങ്ങളും കണ്ടെത്തുക, ഫെഡറല്‍, പ്രദേശിക ഭരണകൂടങ്ങളെയും സ്വകാര്യ മേഖലയെയും ഏകോപിപ്പിക്കുക തുടങ്ങിയവയും പുതിയ മന്ത്രാലയത്തിന്റെ ചുമതലയാണ്.

ജനങ്ങള്‍ക്കുള്ള വിവിധ സേവനങ്ങള്‍ക്കായി ഇലക്ട്രോണിക് പ്ലാറ്റ്‍ഫോമുകള്‍ സജ്ജമാക്കുക, രാജ്യത്തുടനീളമുള്ള യുവ പ്രതിഭകളെ  കണ്ടെത്താനുള്ള വേദിയൊരുക്കുക തുടങ്ങിയ രംഗങ്ങളിലും പോസിബിലിറ്റീസ് മന്ത്രാലയം പ്രവര്‍ത്തിക്കും. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ സര്‍ക്കാറിന് പുതിയ സമീപനങ്ങള്‍ ആവശ്യമാണെന്നും ഒന്നും തങ്ങള്‍ക്ക് അസാധ്യമല്ലെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.

click me!