
റാസല്‍ഖൈമ: മുറിയിലെ എ.സി പൊട്ടിത്തെറിച്ച് വീടിനെ തീ വിഴുങ്ങിയപ്പോള്‍ അമ്മയുടെ മനഃസാന്നിദ്ധ്യം മൂന്ന് കുരുന്നുജീവനുകള്‍ക്ക് രക്ഷയായി. റാസല്‍ഖൈമയിലെ ഖുസാമിലാണ് കഴിഞ്ഞ ദിവസം വീടിന് തീപിടിച്ചത്. പുകനിറഞ്ഞ് കാഴ്ച പോലും സാദ്ധ്യമല്ലാതായപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന മുറിയുടെ ജനല്‍തകര്‍ത്താണ് അമ്മ അകത്ത് കയറിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ അമ്മയ്ക്ക് ഗ്ലാസ് ചില്ലുകള്‍ തറഞ്ഞ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സിന്റെ പ്രാഥമിക നിഗമനം. തീ ആളിക്കത്തിയതോടെ വീട്ടില്‍ പുക നിറഞ്ഞതിനൊപ്പം എ.സിയിലെ ഗ്യാസും ചോര്‍ന്ന് വീടിനുള്ളില്‍ നിറഞ്ഞു. സ്വന്തം ജീവന്‍ മറന്നും മക്കളെ രക്ഷാക്കാനോടിയ അമ്മ കുട്ടികള്‍ കിടക്കുന്ന മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചില്ലുജനാല തകര്‍ത്ത് അകത്ത് കടന്ന അമ്മ പുക നിറഞ്ഞ് കാഴ്ച അസ്യാധ്യമായ സാഹചര്യത്തിലും മൂന്ന് കുട്ടികളെയും എടുത്ത് പുറത്തെത്തിച്ചു. അമ്മയും കുട്ടികളും വീടിന് പുറത്തെത്തി നിമിഷങ്ങള്‍ക്കകം എ.സി പൊട്ടിത്തെറിക്കുകയും ചെയ്തു.
തീപിടുത്തമുണ്ടായതറിഞ്ഞ് റാസല്‍ഖൈമ പൊലീസും ആംബുലന്‍സും അഗ്നിശമനസേനയും പാരാമെഡിക്കല്‍ ജീവനക്കാരുമെല്ലാം പിന്നാലെയെത്തി. മുന്‍കരുതലെന്ന നിലയില്‍ സമീപവീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കി. അമ്മയ്ക്കും മക്കള്‍ക്കും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ജനല്‍ചില്ലുകള്‍ ശരീരത്തില്‍ തട്ടി കുട്ടികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അമ്മയുടെ തോളിലുള്ള പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ വീടിന് പുറത്തിറങ്ങാന്‍ അല്‍പസമയം കൂടി വൈകിയിരുന്നെങ്കില്‍ വലിയ ദുരന്തമാകുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam