നഗരം ഉത്സവ ലഹരിയിലേക്ക്, 'മസ്കറ്റ് നൈറ്റ്സ് 2026' ജനുവരി ഒന്ന് മുതൽ

Published : Dec 22, 2025, 03:47 PM IST
muscat nights

Synopsis

മസ്കറ്റ് നൈറ്റ്സ് 2026 ജനുവരി 1 മുതൽ 31 വരെ നീളും. വിനോദം, കല, സംസ്കാരം, കായികം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ ഏകോപിപ്പിച്ച ഒരു സമഗ്ര നഗരോത്സവമായാണ് ഈ വർഷത്തെ മസ്കറ്റ് നൈറ്റ്സ് ഒരുക്കിയിരിക്കുന്നത്.

മസ്കറ്റ്: ഒമാന്‍റെ തലസ്ഥാന നഗരം മസ്കറ്റ് വീണ്ടും ആഘോഷങ്ങളുടെ ലഹരിയിലേക്ക്. ജനുവരി 1 മുതൽ 31 വരെ നീളുന്ന മസ്കറ്റ് നൈറ്റ്സ് 2026 ശീതകാലോത്സവം തലസ്ഥാനത്തെ മുഴുവൻ ഉത്സവ ലഹരിയിലേക്ക് നയിക്കും. വിനോദം, കല, സംസ്കാരം, കായികം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ ഏകോപിപ്പിച്ച ഒരു സമഗ്ര നഗരോത്സവമായാണ് ഈ വർഷത്തെ മസ്കറ്റ് നൈറ്റ്സ് ഒരുക്കിയിരിക്കുന്നത്.

ക്വുറം മുതൽ ഖുറിയാത്ത് വരെ നഗരത്തിന്റെ പല കോണുകളിലും ആഘോഷങ്ങൾ സംഘടിപ്പിക്കും. അൽ ക്വുറം നാച്ചുറൽ പാർക്ക്, അൽ അമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, റോയൽ ഓപ്പറ ഹൗസ് മസ്കറ്റ്, സീബ് ബീച്ച്, ഖുറിയാത്ത് വിലായത്ത്, വാദി അൽ ഖൂദ്, പ്രമുഖ ഷോപ്പിങ് സെന്‍ററുകൾ എന്നിവിടങ്ങളിലായി പരിപാടികൾ വ്യാപിച്ചു കിടക്കും. മസ്കറ്റ് നഗരത്തിന്‍റെ വിവിധ പ്രത്യേകതകൾ നേരിട്ട് അനുഭവിച്ചറിയുവാൻ സന്ദർശകർക്ക് ഇതിലൂടെ അവസരം ലഭിക്കും.

മസ്കറ്റ് നൈറ്റ്സിന്‍റെ ഔദ്യോഗിക കഥാപാത്രമായി 'സിറാജ്' വീണ്ടും എത്തുന്നു. ആകാശത്തിലൂടെ സഞ്ചരിക്കുന്ന 'പ്രകാശത്തിന്റെ ഒമാനി ബാലൻ' എന്ന ആശയത്തിൽ രൂപകൽപ്പന ചെയ്ത ഈ കഥാപാത്രം, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആകർഷകമായ ദൃശ്യാനുഭവം സമ്മാനിക്കും. അൽ ക്വുറം നാച്ചുറൽ പാർക്കിലെ തടാകം ആധുനിക കലയും സാങ്കേതികവിദ്യയും സംഗമിക്കുന്ന ഫൗണ്ടൻ ആൻഡ് ലൈറ്റ് സിംഫണി വേദിയായി മാറും. സംഗീതത്തിനനുസരിച്ച് ചലിക്കുന്ന ജലധാരകളും വെളിച്ചങ്ങളും മസ്കറ്റ് നൈറ്റ്സിന്‍റെ ദൃശ്യഭംഗി ഉയർത്തും.

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദിയിൽ നടക്കുന്ന മസ്കറ്റ് നൈറ്റ്സ് സർകസ് അന്താരാഷ്ട്ര കലാകാരന്മാരുടെ അക്രോബാറ്റിക് പ്രകടനങ്ങൾ, ഏരിയൽ ആക്ടുകൾ, ഹോളോഗ്രാം സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ ദൃശ്യങ്ങൾ എന്നിവ കൊണ്ട് ശ്രദ്ധേയമാകും. കുട്ടികൾക്കായി ശാസ്ത്രം, ബഹിരാകാശം, കല എന്നിവ പരിചയപ്പെടുത്തുന്ന ഇന്ററാക്ടീവ് സോണുകളും ഒരുക്കിയിട്ടുണ്ട്. അൽ ക്വുറം പാർക്കിൽ നടക്കുന്ന ഡ്രോൺ ഷോകൾ മസ്കറ്റിന്റെ സാംസ്കാരിക പ്രതീകങ്ങൾ ആകാശത്ത് വരയ്ക്കും. അതോടൊപ്പം 'മാഷ ആൻഡ് ദ ബെയർ' പരിപാടികൾ കുട്ടികൾക്ക് സാങ്കൽപ്പിക ലോകത്തിലേക്കുള്ള ഒരു യാത്രയായി മാറും.

വിനോദ ഗെയിമുകൾ, അമ്യൂസ്മെന്റ് റൈഡുകൾ, ദിനപരേഡുകൾ, ദേശിയ-അന്താരാഷ്ട്ര കലാകാരന്മാരുടെ സംഗീത-സാംസ്കാരിക സായാഹ്നങ്ങൾ എന്നിവ മസ്കറ്റ് നൈറ്റ്സിന് മാറ്റുകൂട്ടും. സൈക്ലിംഗ്, എൻഡ്യൂറൻസ് റേസുകൾ, മാർഷ്യൽ ആർട്സ്, ഫുട്ബോൾ, ബൗളിംഗ്, ബില്യാർഡ്സ്, സ്നൂക്കർ എന്നിവയ്‌ക്കൊപ്പം ജനുവരി 22 മുതൽ 24 വരെ അൽ അറൈമി ബുലവാർഡിൽ നടക്കുന്ന അന്താരാഷ്ട്ര 3x3 ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് മസ്കറ്റ് നൈറ്റ്സിന്റെ കായിക ഹൈലൈറ്റായിരിക്കും. വാദി അൽ ഖൂദ്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദികളിൽ "ഡ്രിഫ്റ്റിംഗ് കാർ ഷോകൾ", സിപ്പ് ലൈൻ പോലുള്ള അഡ്വഞ്ചർ ആക്ടിവിറ്റികൾ. സീബ് ബീച്ചിൽ ബീച്ച് ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകളും പ്രഭാത ഫിറ്റ്നസ് സെഷനുകളും നടക്കും.

അൽ അമിറാത്ത് പാർക്കും അൽ ക്വുറം പാർക്കും ഹെറിറ്റേജ് വില്ലേജ് ഒരുക്കും. കൈത്തറി, നാടൻ കലകൾ, ഒമാനി ഭക്ഷണം എന്നിവ ലൈവായി അവതരിപ്പിക്കും. അൽ ഖുവൈർ സ്ക്വയറിൽ നടക്കുന്ന ഒമാൻ ഡിസൈൻ വീക്ക് നവീന കലയും സുസ്ഥിര നഗരസങ്കൽപ്പങ്ങളും അവതരിപ്പിക്കും. റോയൽ ഓപ്പറ ഹൗസ് മസ്കറ്റിൽ നടക്കുന്ന ഫാഷൻ വീക്കിൽ അന്താരാഷ്ട്ര ഡിസൈനർമാർ പങ്കെടുക്കും. കലാസൃഷ്ടിയും സാംസ്കാരിക തിരിച്ചറിയലും ആഗോള ഫാഷൻ ട്രെൻഡുകളും സംഗമിക്കുന്ന റാംപ് ഷോകൾ ഇതിന്റെ പ്രത്യേകതയായിരിക്കും.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി
ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ