
റിയാദ്: ഓട്ടിസം ബാധിച്ചവരെ പരിചരിക്കാൻ പുതിയ റോബോട്ട്. ‘ഓട്ടിസം റോബോട്ട്’ എന്ന പേരിൽ നജ്‌റാൻ സർവകലാശാലയാണ് വികസിപ്പിച്ചെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സുരക്ഷിതമായി ആശയവിനിമയം നടത്താനും സ്വയം പ്രകടിപ്പിക്കാനും സഹായിക്കുന്നതാണിത്. ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ അഭൂതപൂർവമായ ഒരു ചുവടുവയ്പ്പാണ് ഇത്. സൗദി സർവകലാശാലകളുടെ ഇടയിൽ ഒരു പുതിയ റെക്കോർഡായി ഈ ശാസ്ത്രീയ നേട്ടത്തെ വിലയിരുത്തുന്നത്.
രണ്ട് സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയാണ് ഈ റോബോട്ട് പ്രവർത്തിപ്പിക്കുന്നതെന്ന് നജ്‌റാൻ യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് മെഡിസിനിലെ സൈക്യാട്രി അസോസിയേറ്റ് പ്രഫസർ ഡോ. ഹുസൈൻ അൽഇമാദ് പറഞ്ഞു. കുട്ടി ധരിക്കുന്ന സ്മാർട്ട് വാച്ചിലും മാതാപിതാക്കളിൽ ഒരാളുടെയോ അധ്യാപകെൻറയോ ഫോണിലുമായാണ് ഈ രണ്ട് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത്.
ഇത് ഭാഷാ വൈദഗ്ദ്ധ്യം വികസിപ്പിക്കുകയും തലച്ചോറിെൻറ എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുകയും കുട്ടിയെ സംരക്ഷിക്കുകയും അവെൻറ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ക്ലിനിക്കും പരിശീലനകേന്ദ്രവും കഴിഞ്ഞാൽ പരിചരണം നൽകുന്നതിൽ നിലവിലുള്ള വിടവിനെക്കുറിച്ചുള്ള അവബോധത്തിെൻറ ഫലമായാണ് ഈ ആശയം ഉയർന്നുവന്നതെന്ന് അൽഇമാദ് വിശദീകരിച്ചു. ഒരു ചൈൽഡ് സൈക്യാട്രിസ്റ്റും ബിഹേവിയറൽ തെറാപ്പിസ്റ്റും എന്ന നിലയിൽ സാങ്കേതിക നവീകരണത്തിലെ എെൻറ മുൻകാല അനുഭവത്തെ അടിസ്ഥാനമാക്കിയാണിതെന്നും അൽഇമാദ് പറഞ്ഞു.
കുട്ടിക്കും അവെൻറ അല്ലെങ്കിൽ അവളുടെ കുടുംബത്തിനും യഥാർഥ പിന്തുണ നൽകുന്ന സമർഥവും സുസ്ഥിരവുമായ പരിഹാരങ്ങളുമായി കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി ടെക്നിക്കുകൾ സംയോജിപ്പിക്കാൻ ഞാൻ ശ്രമിച്ചു. സംസാരിക്കാൻ കഴിയാത്ത കുട്ടികളുടെ ആവശ്യങ്ങൾ പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ തെരഞ്ഞെടുത്ത് ആശയവിനിമയം നടത്താൻ ആപ്പ് സഹായിക്കുന്നു. ഇത് നേരിട്ട് രക്ഷിതാവിെൻറയോ അധ്യാപകെൻറയോ ആപ്പിലേക്ക് അയക്കുന്നു. കൂടാതെ റെക്കോർഡ് ചെയ്ത വാക്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ഭാഷ ഉപയോഗിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നു. അതിനായി അവെൻറ ഭാഷ ക്രമേണ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പോയിൻറുകൾ അവന് ലഭിക്കുന്നു. പല്ല് തേയ്ക്കൽ, വസ്ത്രം ധരിക്കൽ തുടങ്ങിയ ജോലിയുടെ ഘട്ടങ്ങൾ വിശദീകരിക്കുന്ന ലളിതവും അക്കമിട്ടതുമായ വീഡിയോകൾ മാതാപിതാക്കൾക്കോ അധ്യാപകർക്കോ ഇതിൽ റെക്കോർഡുചെയ്യാൻ കഴിയും. ഇത് കുട്ടിയെ ഉചിതമായ ക്രമത്തിൽ കാണിക്കാനും കേൽപ്പിക്കാനും അതിലൂടെ അവരെ അത് നിർവഹിക്കാൻ സഹായിക്കുകയും അവരുടെ മാനസിക സംഘടനാ കഴിവുകൾ വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അൽഇമാദ് പറഞ്ഞു.
അതേസമയം ഇ-ഹെൽത്ത് മേഖലയിലെ ഏറ്റവും മികച്ച 20 ആഗോള പദ്ധതികളിൽ ഒന്നായി ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ ഔദ്യോഗികമായി നാമനിർദേശം ചെയ്തതിന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന വേൾഡ് സമ്മിറ്റ് ഓൺ ദി ഇൻഫർമേഷൻ സൊസൈറ്റി ഫോറത്തിൽ കോളജ് ഓഫ് മെഡിസിൻ പ്രതിനിധീകരിക്കുന്ന നജ്‌റാൻ സർവകലാശാലയെ അടുത്തിടെ ആദരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam