
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. അതീവ മാരകമായ ലഹരി ഗുളികകളുമായി എത്തിയ ഒരു വിദേശ വനിതയെ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ എത്തിയ യാത്രക്കാരിയെ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബെനിൻ സ്വദേശിനിയായ ഇവർ കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലിക്ക് എത്തിയതായിരുന്നു.
പൗഡർ ഡപ്പികൾക്കുള്ളിലായി അതീവ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പരിശോധനയിൽ 'ടഫ്രോഡോൾ' വിഭാഗത്തിൽപ്പെട്ട 3,458 മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു. മതിയായ മെഡിക്കൽ കുറിപ്പടികളില്ലാതെയാണ് ഇവ കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതിയെയും കൂടുതൽ അന്വേഷണത്തിനായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോൾ വിഭാഗത്തിന് കൈമാറി. നിയമപരമായ നടപടികൾ പൂർത്തിയാക്കി ഇവർക്കെതിരെ കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam