
കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ അൽ-അഹ്മദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റ ഗാർഡ് അംഗങ്ങളെ കുവൈത്ത് നാഷണൽ ഗാർഡിന്‍റെ മേധാവി ശൈഖ് മുബാറക് ഹമൂദ് അൽ-ജാബർ അൽ-സബാഹ് വെള്ളിയാഴ്ച സന്ദർശിച്ചു. ഡ്രോൺ ആക്രമണത്തിൽ ലക്ഷ്യമിട്ട ഒരു സ്ഥലത്ത് സേവനമനുഷ്ഠിക്കുമ്പോഴാണ് ഇവർക്ക് പരിക്കേറ്റത്.
നാഷണൽ ഗാർഡിന്‍റെ പ്രസ്താവന പ്രകാരം പരിക്കേറ്റവരുടെ ആരോഗ്യനില നിരന്തരം പിന്തുടർന്ന് ആവശ്യമായ മുഴുവൻ ചികിത്സയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തിനായി സേവനം ചെയ്യുന്നതിനിടെ അവർ കാണിച്ച ധൈര്യത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ നാഷണൽ ഗാർഡ് പൂർണ സജ്ജതയോടെയും ജാഗ്രതയോടെയും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും കുവൈത്തും അതിന്റെ നേതൃത്വവും ജനങ്ങളും സുരക്ഷിതരാകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
അതേസമയം വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും കുവൈത്തിന് നേരെ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ നാഷണൽ ഗാർഡിന്റെ ഒരു സൈറ്റിന് വലിയ നാശനഷ്ടം സംഭവിച്ചു. ആളപായമില്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ നടപടികൾ ആരംഭിച്ചതായി ജനറൽ ഡോ. ജദ്ആൻ ഫാദൽ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്‍റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി നാഷണൽ ഗാർഡ് സേന ഉയർന്ന ജാഗ്രതയിലും പൂർണ്ണ സജ്ജതയിലും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു ഭീഷണിയെയും ശക്തമായി നേരിടാൻ സേനകൾ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം ജനങ്ങളോട് വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുമാത്രം സ്വീകരിക്കാനും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam