
അബുദാബി: കൊവിഡ് രോഗികളുടെ എണ്ണം ഇനിയും തുടര്‍ച്ചയായി വര്‍ദ്ധിക്കുമെങ്കില്‍ ദേശീയ അണുനശീകരണ നടപടികള്‍ പുനഃരാരംഭിക്കേണ്ടി വരുമെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യ സാമൂഹിക സുരക്ഷാ മന്ത്രി അബ്ദുല്‍ റഹ്‍മാന്‍ അല്‍ ഉവൈസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് ദിവസം കൊണ്ട് ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധനവുണ്ടായി. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
നേരത്തെ മാര്‍ച്ച് 26ന് തുടങ്ങിയ അണുവിമുക്തമാക്കല്‍ നടപടികള്‍ ജൂണ്‍ 24നാണ് യുഎഇ പൂര്‍ത്തിയാക്കിയത്. ഇതോടെ രാജ്യത്തെ യാത്രാ വിലക്കുകളും നീക്കി. മൂന്ന് മാസത്തോളം നീണ്ട നടപടികളില്‍ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളും റോഡുകളും പൊതുസ്ഥലങ്ങളും അടക്കം എല്ലാ മേഖലകളിലും അണുനശീകരണം നടത്തി. നിലവില്‍ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളുടെ സഹകരണത്തെയും ഉത്തരവാദിത്ത ബോധത്തെയുമാണ് ആശ്രയിക്കുന്നതെന്ന് അല്‍ ദാഹിരി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam