ദുരിതങ്ങള്‍ക്കൊടുവില്‍ നീതു നാട്ടിലേക്ക്; തുടര്‍ചികിത്സകള്‍ ശ്രീചിത്രയില്‍

By Web TeamFirst Published Oct 10, 2019, 3:41 PM IST
Highlights

സന്ദര്‍ശകവിസയില്‍ അമ്മയെകാണാന്‍ അബുദാബിയിലെത്തിയ നീതുവിനെ, ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന  അപൂര്‍വ രോഗത്തെ തുടര്‍ന്ന്  ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വാര്‍ത്ത കഴിഞ്ഞമാസം പതിനെട്ടാം തിയതിയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയതത്.

അബുദാബി: അപൂര്‍വരോഗത്തെ തുടര്‍ന്ന് ഏഴുമാസമായി അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതു ഇന്ന് നാട്ടിലേക്ക് മടങ്ങും.  സര്‍ക്കാര്‍ സഹായത്തോടെ ശ്രീചിത്രമെഡിക്കല്‍ സെന്‍ററിലാവും നീതുവിനെ തുടര്‍ന്ന് ചികിത്സിക്കുക.സന്ദര്‍ശകവിസയില്‍ അമ്മയെകാണാന്‍ അബുദാബിയിലെത്തിയ നീതുവിനെ ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന അപൂര്‍വ രോഗത്തെ തുടര്‍ന്ന്  ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വാര്‍ത്ത കഴിഞ്ഞമാസം പതിനെട്ടാം തിയതിയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയതത്.

Read Also: അപൂര്‍വരോഗം പിടിപെട്ട് ആറുമാസമായി യുഎഇയിലെ ആശുപത്രിയില്‍; മകളെ നാട്ടിലെത്തിക്കാന്‍ സഹായം തേടി അമ്മ

തുടര്‍ന്ന് ഗള്‍ഫ് പര്യടനത്തിനിത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും, മന്ത്രി ഇപിജയരാജനും ആശുപത്രിയില്‍ നേരിട്ടെത്തി തിരുവനന്തപുരം ശ്രീചിത്രയില്‍ സര്‍ക്കാര്‍ സഹായത്തോടെ തുടര്‍ ചികിത്സകള്‍ നടത്തുമെന്ന് ഉറപ്പു നല്‍കി. ഇതിനിടെ നീതുവിന്‍റെ നില വീണ്ടും വഷളായതാണ് യാത്ര വൈകാന്‍ കാരണമായത്.ആശുപത്രി അധികൃതര്‍ യാത്രാനുമതി നല്‍കിയ സാഹചര്യത്തില്‍ ഇന്ന് രാത്രി പ്രാദേശിക സമയം 12മണിക്കു ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യയില്‍ നീതുവിനെ കൊണ്ടുപോകും.

Read Also: ഒടുവിൽ ആശ്വാസം; നീതുവിന് സംസ്ഥാനസര്‍ക്കാര്‍ തുടർചികിത്സ ഉറപ്പാക്കും

അമ്മ ബിന്ദുവും ഒരു നഴ്സും നീതുവിനെ അനുഗമിക്കും. രാവിലെ അഞ്ചരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നീതുവിനെ നോര്‍ക്ക സഹായത്തോടെ ശ്രീചിത്രയിലേക്ക് മാറ്റും. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ചിലപ്പോഴെങ്കിലും നേരിയ ബോധം തിരിച്ചുകിട്ടുമെങ്കിലും ആള്‍ക്കാരെ മനസ്സിലാവില്ല.

ഭര്‍ത്താവ് ഉപേക്ഷിച്ച ബിന്ദു 12 വര്‍ഷമായി യുഎഇയില്‍ തൂപ്പ് ജോലിയെടുത്താണ് മക്കളെ പഠിപ്പിച്ചത്. മകളെ വിവാഹം കഴിപ്പിച്ച് രണ്ടുമാസം തികയും മുമ്പാണ് അപൂര്‍വ രോഗത്തിന്‍റെ പിടിയിലായത്. 


 

click me!