നേപ്പാളിലെ പര്‍വ്വതം ഇനി 'റോയല്‍ ബഹ്‌റൈന്‍ പീക്ക്'; ബഹ്‌റൈന് ആദരവായി പര്‍വ്വതം പുനര്‍നാമകരണം ചെയ്ത് നേപ്പാള്‍

By Web TeamFirst Published Oct 30, 2020, 8:14 PM IST
Highlights

നേട്ടത്തെ തുടര്‍ന്ന് ബഹ്‌റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയോടും ഹമദ് രാജാവിന്റെ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പേഴ്‌സണല്‍ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയോടുള്ള ആദരവായാണ് പര്‍വ്വതത്തിന്‍റെ പേര് മാറ്റിയത്.

കാഠ്മണ്ഡു: ബഹ്‌റൈനോടുള്ള ആദരസൂചകമായി പര്‍വ്വതത്തിന് പുനര്‍നാമകരണം നടത്തി നേപ്പാള്‍. 'റോയല്‍ ബഹ്‌റൈന്‍ പീക്ക്' എന്നാണ് ഇനി നേപ്പാളിലെ ഒരു പര്‍വ്വതം അറിയപ്പെടുക. ലോകത്തിലെ എട്ടാമത്തെ ഉയരമേറിയ പര്‍വ്വതമായ നേപ്പാളിലെ മനസ്ലു പര്‍വ്വതനിര  ബഹ്‌റൈന്‍ എവറസ്റ്റ് സംഘം കീഴടക്കിയതിനെ തുടര്‍ന്നാണ് രാജ്യത്തോടുള്ള ആദരസൂചകമായി നേപ്പാളില്‍ പര്‍വ്വതത്തിന്റെ പേര് മാറ്റിയത്.

നേട്ടത്തെ തുടര്‍ന്ന് ബഹ്‌റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയോടും ഹമദ് രാജാവിന്റെ ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള പേഴ്‌സണല്‍ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയോടുള്ള ആദരവായാണ് നേപ്പാളിലെ സമഗോണ്‍ അധികൃതര്‍ പര്‍വ്വതത്തിന്റെ പുനര്‍നാമകരണം നടത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന 'റോയല്‍ ബഹ്‌റൈന്‍ പീക്കി'ന് 5200 മീറ്റര്‍ ഉയരമാണുള്ളത്.

മനസ്ലു പീക്ക് കീഴടക്കിയ ബഹ്‌റൈന്‍ പര്‍വ്വതാരോഹക സംഘം ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ പേര് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം നേപ്പാളിലെ ഏറ്റവും പഴക്കമുള്ള ഗസ്റ്റ് ഹൗസിലെ കല്ലില്‍ കൊത്തിവെച്ചിരുന്നു. ലോകപ്രശസ്തരായ പര്‍വ്വാതാരോഹകരുടെ പേരിനൊപ്പം ബഹ്റൈന് അഭിമാനമായി ഇനി ശൈഖ് നാസറിന്‍റെ പേരും ചരിത്രത്തില്‍ ഇടംപിടിക്കും.  
 

click me!